മഞ്ജു വാര്യര്‍ക്ക് വേദന ഉണ്ടാക്കിയിരിക്കാം, പക്ഷെ കേസാക്കാന്‍ വകുപ്പില്ല; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

സിനിമാ താരങ്ങളടക്കം സ്വാധീനശേഷിയുള്ളവര്‍ പരാതി നല്‍കിയാല്‍ ഉടന്‍ കേസായി, അറസ്റ്റായി, അല്ലാത്ത പാവങ്ങളുടെ പരാതി വന്നാല്‍ ഫെയ്‌സ്ബുക്കിനോട് അനുവാദം വാങ്ങണം, ഗൂഗിളിനെ കണ്ട് മൊഴിയെടുക്കണം തുടങ്ങി ഒരായിരം ഒഴികഴിവുകള്‍ പോലീസ് പറയും. ഫലം, ഒരു നടപടിയും ഉണ്ടാകാതെ കേസ് അനന്തമായി നീളും. സൈബര്‍ ആക്രമണവും വ്യാജ വീഡിയോയോ ചിത്രങ്ങളോ പ്രചരിപ്പിച്ചെന്നോ മറ്റോ ഒക്കെയുള്ള കേസുകളില്‍ ഇതാണ് സ്ഥിതിയെന്ന് പരക്കെ ആക്ഷേപമുള്ളതാണ്. മുഖ്യമന്ത്രിയടക്കം നേതാക്കള്‍ പരാതിക്കാരായി വരുന്ന കേസുകളില്‍ മണിക്കൂറുകള്‍ കൊണ്ട് വിദേശത്ത് നിന്ന് പോലും പ്രതികളെ പിടികൂടി ഇവിടെ എത്തിക്കുന്നതും പതിവ് കാഴ്ചയാണ്.

ഇത്തരമൊന്നിന്റെ കാര്യമാണ് ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതി തീരുമാനമാക്കിയത്. നടി മഞ്ജു വാര്യര്‍ ആയിരുന്നു പരാതിക്കാരി. പ്രതിയാകട്ടെ പ്രശസ്ത സംവിധാകനും നടിയുടെ മുന്‍ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന ശ്രീകുമാര്‍ മോനോനും. ഈ കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ വിധിപകര്‍പ്പ് പുറത്തുവരുമ്പോഴാണ് സുപ്രധാന നിരീക്ഷണങ്ങള്‍ വെളിവാകുന്നത്. അശ്ലീല വാക്കുകളോ പദപ്രയോഗങ്ങളൊ നടത്തി എന്നതു കൊണ്ടുമാത്രം പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ല. സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ കഴിയണമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. അവഹേളനമോ ആരോപണമോ ഉന്നയിച്ചു എന്നു കരുതി മാത്രം കേസ് എടുക്കാന്‍ സാധിക്കില്ലെന്നുമാണ് ജസ്റ്റിസ് എസ് മനു ഉത്തരവിട്ടിരിക്കുന്നത്.

1171/2019 എന്ന ക്രൈം നമ്പറില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐപിസി 354-D, 509, കേരള പോലീസ് ആക്ടിലെ 120(O) എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഐപിസി 294(b) വകുപ്പു കൂടി ചുമത്തി. ഇതില്‍ ഐപിസി 354-D എന്നത് ഒരു സ്ത്രീയെ അവരുടെ താല്‍പര്യത്തിന് വിരുദ്ധമായി നിരന്തരം പിന്തുടരുകയോ സംസാരിക്കാന്‍ ശ്രമിക്കുകയോ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി നിരന്തരം മെസ്സേജ് അയച്ച് ശല്ല്യം ചെയ്യുകയോ ചെയ്യുന്നതിന് എതിരായി ചുമത്തുന്ന വകുപ്പാണ്. 3 മുതല്‍ 5 വര്‍ഷം വരെ പിഴയോട് കൂടി തടവ് ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ ശ്രീകുമാര്‍ മോനോനെതിരെ ഈ വകുപ്പ് നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരിയായ മഞ്ജു വാര്യരും പ്രതിയായ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ബിസിനസ് കരാറുമായി ബന്ധപ്പെട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഈ വകുപ്പ് ചുമത്താന്‍ കഴിയില്ല.

ദുബൈ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ മോശമായ ഭാഷ ഉപയോഗിച്ച് മറ്റുള്ളവരുടെ മുന്നില്‍വച്ച് അപമാനിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ മറ്റൊരു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ചുമത്തിയ 294 (b)യും നിലനില്‍ക്കില്ല. ആദ്യം നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കാര്യമല്ല മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.2019 ഒക്ടോബര്‍ 21നാണ് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. എന്നാല്‍ മൊഴിയില്‍ പറഞ്ഞിരിക്കുന്ന സംഭവം ഉണ്ടായത് അതേ വര്‍ഷം ഡിസംബര്‍ ഒന്‍പതിനാണ്. കൂടാതെ രാജ്യത്തിന് പുറത്തു നടന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ കേസെടുക്കാന്‍ കഴിയുകയുള്ളൂ. ഇതൊന്നും പാലിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

സ്ത്രീയെ വാക്കുകൊണ്ടോ,ആംഗ്യം കൊണ്ടോ , ശബ്ദങ്ങള്‍ കൊണ്ടോ ശല്യം ചെയ്യുന്നതിന് എതിരെയാണ് ഐപിസി 509 വകുപ്പ് ചുമത്തുന്നത്. 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ ഈ കേസില്‍ ഈ വകുപ്പ് പ്രകാരമുള്ള കുറ്റം ശ്രീകുമാര്‍ മോനോന്‍ ചെയ്‌തെന്ന് കണക്കാക്കാന്‍ കഴിയില്ല. അതിനുള്ള തെളിവുകളും ലഭ്യമായിട്ടില്ല. അതിനാല്‍ ശ്രീകുമാര്‍ മോനോനെതിരെ ഐപിസി 509 ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനെല്ലാം പുറമേ ചുമത്തിയ മറ്റൊരു വകുപ്പ് കേരള പോലീസ് ആക്ട് 120 (O) ആയിരുന്നു. ഒരു സ്ത്രീയെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിച്ചു ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് സംവിധായകന് മേല്‍ ചുമത്തിയത്. എന്നാല്‍ മറ്റ് വകുപ്പുകളൊന്നും നിലനില്‍ക്കാത്ത സാഹചര്യത്തില്‍ ഇതിനും നിലനില്‍പ്പില്ലെന്ന് കോടതി വ്യക്തമാക്കി.

ഇത്തരത്തില്‍ ഓരോ വകുപ്പും ഇഴകീറി പരിശോധിച്ചുളള സുപ്രധാന വിധിയും അതിലെ നിരീക്ഷണങ്ങളുമാണ് ജസ്റ്റിസ് എസ് മനു പുറപ്പെടുവിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് മാനസിക വിഷമം ഉണ്ടായിരിക്കാം എന്നാല്‍ നിയപരമായി കേസ് നിലനില്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഹൈക്കോടതി. ഇത്തരം ആരോപണങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ ഭാവി നിര്‍ണ്ണയിക്കുന്ന വിധിയായി തന്നെ ഇത് മാറും എന്ന് ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top