‘മാസപ്പടിയിൽ’ മുഖ്യമന്ത്രിക്ക് നോട്ടീസ്; നിങ്ങൾ വേവലാതിപ്പെടേണ്ടെന്ന് പിണറായി
കൊച്ചി: മാസപ്പടി വിവാദത്തിൽ നോട്ടീസ് അയയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ വേവലാതിപ്പെടേണ്ടെന്നും തനിക്കുള്ള നോട്ടീസ് വരട്ടെയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മാസപ്പടി കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണയും ഉൾപ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാനാണ് ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രിയേയും മകളേയും കൂടാതെ ഹർജിയിലെ എതിർകക്ഷികളായ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ളവർക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ഹർജിക്കാരനായ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ ഹർജിയുടെ വിവരങ്ങൾ പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടനുസരിച്ചാണ് ഉത്തരവ്. അഡ്വ. അഖിൽ വിജയിയായിരുന്നു അമിക്കസ് ക്യൂറി. മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ കോടതിയെ സഹായിക്കാനാണ് അമിക്കസ്ക്യൂറിയെ നിയമിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന സ്ഥാപനത്തിന് കരിമണൽ കമ്പനിയായ സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് 1.72 കോടി രൂപ പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി.
കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ ഗിരീഷ് ബാബു നൽകിയ പുനപരിശോധന ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
പരാതിക്കാരൻ മരിച്ചതിനാൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഗിരീഷ് ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി നിലനിൽക്കുമെന്നും ഹർജിയിൽ കുടുംബം പങ്കുചേരേണ്ടതില്ലെന്നുമായിരുന്നു കോടതി നിലപാട്. ഈ സാഹചര്യത്തിലാണ് ഹർജി പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. വിജിലൻസ് അന്വേഷണ ആവശ്യം നിലനിൽക്കുമോ ഇല്ലയോ എന്നറിയിക്കാനായിരുന്നു അമിക്കസ് ക്യൂറിയെ കോടതി ചുമതലപ്പെടുത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here