മിഷേൽ ഷാജിയുടെ മരണം സിബിഐക്ക് വിട്ടേക്കും; കേസ് ഡയറി വിളിച്ചുവരുത്താൻ ഹൈക്കോടതി

കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഏഴുവർഷമായി ഹൈക്കോടതിക്ക് മുന്നിലുണ്ട്. 2017 മാർച്ച് 5ന് വൈകിട്ട് കൊച്ചി കലൂർ പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ പിന്നീട് ജീവനോടെ ആരും കണ്ടിട്ടില്ല. പിറ്റേന്നാണ് കായലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇതിൽ മറഞ്ഞിരിക്കുന്നുവെന്ന് പലരും വിശ്വസിക്കുന്ന സത്യം കണ്ടെത്താൻ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി വരുമോ എന്ന് വൈകാതെ അറിയാം.

‘ജസ്റ്റിസ് ഫോർ മിഷേൽ’ എന്ന പേരിൽ വലിയ പ്രചാരണം ഈ കേസിന് വേണ്ടി പലപ്പോഴായി നടന്നിരുന്നു. എന്നാൽ ആദ്യം അന്വേഷണം നടത്തിയ പോലീസിൻ്റെയും പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിൻ്റെയും നിഗമനം മിഷേൽ ആത്മഹത്യ ചെയ്തു എന്നായിരുന്നു. പക്ഷെ തൃപ്തികരമായ കാരണം കണ്ടെത്താനായില്ല. ആത്മഹത്യാ പ്രേരണക്ക് ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും ഇത് അംഗീകരിക്കാതെ കുടുംബം സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിലാണ് കേസ് ഡയറി ഹാജരാക്കാൻ ജസ്റ്റിസ് സി.എസ്.സുധയുടെ ബഞ്ച് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം കേസിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. ഈമാസം 27ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. തുടർന്ന് സിബിഐ അന്വേഷണ ആവശ്യത്തിൽ തീരുമാനം ഉണ്ടായേക്കും.

2017 മാർച്ച് 5ന് വൈകിട്ട് കലൂർ പള്ളിയിൽ നിന്നിറങ്ങുന്നത് മുതൽ വിവിധയിടങ്ങളിൽ മിഷേലിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എല്ലാത്തിലും ഒറ്റക്ക് നടന്ന് പോകുന്നതായാണ് കാണപ്പെട്ടത്. എന്നാൽ പള്ളിയുടെ പരിസരത്ത് ബൈക്കിലെത്തിയതായി ദൃശ്യങ്ങളിൽ കണ്ട ഏതാനും യുവാക്കളുടെ കാര്യത്തിൽ കുടുംബം സംശയം ഉന്നയിച്ചതിനെ തുടർന്ന് പരിശോധനകൾ നടന്നിരുന്നു. ഇതിലും പക്ഷെ കാര്യമായ സൂചനകളൊന്നും കിട്ടിയില്ല.

മിഷേലിനെ കാണാതായ വിവരം പോലീസിൽ അറിയിച്ചെങ്കിലും ഗൌരവമായി എടുത്തില്ല എന്ന വിമർശനം തുടക്കത്തിൽ ഉണ്ടായിരുന്നു. മാതാപിതാക്കൾ മൂന്നു പോലീസ് സ്റ്റേഷനുകളെ സമീപിച്ചെങ്കിലും രാത്രിയായതിനാൽ മൊബൈൽ ലൊക്കേഷൻ കണ്ടെത്താൻ കഴിയുന്നില്ല എന്നറിയിച്ച് തിരിച്ചയക്കുകയായിരുന്നു. ഇത് കണ്ടെത്താൻ കഴിഞ്ഞെങ്കിൽ മകളെ രാത്രി തന്നെ രക്ഷിക്കാൻ കഴിഞ്ഞേനെയെന്ന് അച്ഛൻ ഷാജി വർഗീസ് പലവട്ടം പറഞ്ഞിരുന്നു. കൊച്ചി പോലൊരു നഗരത്തിൽ പോലും അന്വേഷണ സംവിധാനങ്ങൾ നേരിടുന്ന പരിമിതിയാണ് ഇത് വ്യക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top