പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി; രാഹുലിനെതിരായ പരാതി സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് യുവതി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചു എന്ന പരാതി വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നല്‍കിയതെന്ന് യുവതി കോടതിയെ അറിയിച്ചു. കുളിമുറിയില്‍ വീണതുമൂലമുണ്ടായ പരിക്കാണ് തനിക്കേറ്റതെന്നും യുവതി വ്യക്തമാക്കി. ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്ന് ഭാര്‍ത്താവ് രാഹുല്‍ പി.ഗോപാലും കോടതിയെ അറിയിച്ചു. ഇതോടെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചത്.

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ തന്നെ കോഴിക്കോട് സ്വദേശിയായ രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു യുവതി ആദ്യം ആരോപണം ഉന്നയിച്ചത്. ഇതോടെ രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങളും വധശ്രമക്കേസും ചുമത്തി. ഇതോടെ രാഹുല്‍ ജര്‍മനിയിലേക്ക് കടന്നു. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനടക്കം സസ്‌പെന്‍ഷനും ലഭിച്ചിരുന്നു.

രാഹുലിനെ ജര്‍മ്മനിയില്‍ നിന്നും നാട്ടിലെത്തിക്കാനുള്ള പോലീസ് ശ്രമത്തിനിടയിലാണ് യുവതി നാടകീയമായി രംഗത്തെത്തി എല്ലാം നിഷേധിച്ചത്. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പരാതി നല്‍കിയതാണെന്നും യുവതി പറഞ്ഞത്. വീട് വിട്ട ശേഷമാണ് യുവതിയുടെ ഈ പ്രതികരണം ഉണ്ടായത്. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കാനും അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടു കൂടി പരിശോദിച്ച ശേഷമാണ് കേസ് റദ്ദാക്കാന്‍ ജസ്റ്റിസ് എ.ബദറുദീന്‍ ഉത്തരവിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top