അവയവക്കടത്ത് പ്രതി ജാമ്യം അര്‍ഹിക്കുന്നില്ലെന്ന് ഹൈക്കോടതി; സാമ്പത്തിക ഇടപാടുകള്‍ ഗുരുതരമെന്ന് ജസ്റ്റിസ് സി.എസ്.ഡയസ്
സംസ്ഥാന പോലീസ് അന്വേഷിക്കുന്ന നെടുമ്പാശേരി അവയവക്കടത്ത് കേസിലെ മൂന്നാം പ്രതി സജിത്ത് ശ്യാമിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജി നിഷേധിച്ചത്.
2019 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവയവക്കടത്തിന് ഇറാനിലേക്ക് ഒന്നാം പ്രതി സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളുകളെ എത്തിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഇതേവരെ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മൂന്നാം പ്രതി സജിത്ത് ശ്യാമിന് അന്താരാഷ്ട അവയവ റാക്കറ്റുമായി അടുത്ത ബന്ധമുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. അന്താരാഷ്ട ബന്ധങ്ങളുള്ള പ്രതിക്ക് ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാനും, തെളിവുകള്‍ ഇല്ലാതാക്കാനും സാധ്യതയുണ്ടെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സീനിയര്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സി.എസ്.ഋത്വിക് ചൂണ്ടിക്കാട്ടി. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസന്വേഷണം ഏറ്റെടുക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. അവയവക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രതിക്ക് ഇത്തരം ഇടപാടുകളില്‍ നിന്ന് പണം ലഭിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയതായും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
അന്താരാഷ്ട്ര അവയവ മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രതിയുള്‍പ്പെട്ട സംഘത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നാണ് കോടതിയുടെ അഭിപ്രായമെന്ന് ജസ്റ്റിസ് സി.എസ്.ഡയസ് വിധിയില്‍ നിരീക്ഷിച്ചു. സര്‍വോപരി ദേശസുരക്ഷയെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി രേഖപ്പെടുത്തി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായത് കൊണ്ട് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here