നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; ദിലീപിന് രൂക്ഷവിമർശനം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതി ദിലീപിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. നേരത്തെ സിംഗിള്‍ ബെഞ്ച് ഈ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. 2019ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.
സുതാര്യമായ അന്വേഷണം വേണമെന്നും അതിന് സിബിഐ വരണം എന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഇത് അംഗീകരിച്ചില്ല. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും പ്രതി നടത്തുന്നത് അത് വൈകിപ്പിക്കുന്നതിനുളള നീക്കമാണ് എന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. അവസാനഘട്ടത്തില്‍ എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇതോടെയാണ് രൂക്ഷവിമര്‍ശനം കോടതി ഉന്നയിച്ചത്. കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് സിംഗിള്‍ ബെഞ്ചും വിമര്‍ശിച്ചിരുന്നു.
നടി ആക്രമണത്തിന് ഇരയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അവസാനഘട്ടത്തിലാണ്. അന്തിമവാദം പൂര്‍ത്തിയാക്കി ജൂണില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here