ഇടുക്കിയിലെ 57 കെട്ടിടങ്ങൾ അനധികൃതമെന്ന് ഹൈക്കോടതി, രണ്ട് സിപിഎം ഓഫീസുകളും 18 റിസോർട്ടുകളും

കൊച്ചി: ഇടുക്കി ജില്ലയിലെ രണ്ട് സിപിഎം പാർട്ടി ഓഫീസുകളുൾപ്പെടെ 57 കെട്ടിടങ്ങൾ അനധികൃതമാണെന്നും അവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും നിറുത്തിവയ്ക്കണമെന്നും ജില്ലാഭരണകൂടത്തോട് ഹൈക്കോടതി നിർദേശിച്ചു. അനധികൃത കെട്ടിടങ്ങൾ മറ്റാവശ്യങ്ങൾക്കൊന്നും ഉപയോഗിക്കരുതെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവായി.

രണ്ട്‌ പാർട്ടി ഓഫീസുകൾക്കു പുറമെ 18 റിസോർട്ടുകൾ, 23 വാണിജ്യ കെട്ടിടങ്ങൾ, 13 വാസയോഗ്യമായ കെട്ടിടങ്ങൾ, സിപിഎം നിയന്ത്രണത്തിലുള്ള ഒരു അമ്യൂസ്മെന്റ് പാർക്ക് എന്നിവയാണ് അനധികൃത നിർമ്മാണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ 11 കെട്ടിടങ്ങൾ റവന്യൂ ഭൂമിയിലും. രണ്ട്‌ റിസോർട്ടുകൾ കാർഡമം സ്പെഷ്യൽ റൂൾ പ്രകാരമുള്ള ഭൂമിയിലും, ഒരു വാണിജ്യ കെട്ടിടം പുറമ്പോക്കിലുമാണ് നിർമ്മിച്ചിട്ടുള്ളത്. ഈ മാസം 14 നാണ് നിയമസഭ ഭൂപതിവ് നിയമത്തിനു ഭേദഗതി വരുത്തിക്കൊണ്ടുള്ള ബിൽ പാസാക്കിയത്. ഹൈക്കോടതി കണ്ടെത്തിയ വിധത്തിലുള്ള ഗൗരവമേറിയ ചട്ടലംഘനങ്ങളുടെ കാര്യത്തിൽ രാഷ്ട്രീയ തീരുമാനം ആവശ്യമാണ്. പട്ടയഭൂമിയിൽ റിസോർട്ടുകളും ഹോട്ടലുകളും പാർട്ടി ഓഫീസുകളും വാണിജ്യ സ്ഥപനങ്ങളും ഫ്ലാറ്റുകളും മറ്റുമുള്ള വൻകിട നിർമ്മാണങ്ങൾ നടത്തിയതിനു എന്താകണം നിലപാട് തുടങ്ങിയ കാര്യങ്ങളിലാണ് രാഷ്ട്രീയ തീരുമാനവും ധാരണയും രൂപപ്പെടേണ്ടത്. ഭൂപതിവ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയതിന്റെ രണ്ടാം ദിവസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക വിധി. കൃത്യമായ രാഷ്ട്രീയ തീരുമാനം ഉണ്ടായ ശേഷമാകും നിലവിലെ ഭൂപതിവ് ചട്ടങ്ങളിൽ എല്ലാം ഭേദഗതികൾ വരുത്താനനുവദിക്കുന്ന പുതിയ ചട്ടങ്ങൾ പുറത്തിറക്കുക.

ബൈസൻ വാലിയിലുമുള്ള സിപിഎം ഓഫീസ് നിയമവിരുദ്ധമായി സർക്കാർ ഭൂമിയിൽ നിർമ്മിച്ചതാന്നെന്നു ഹൈക്കോടതി കണ്ടെത്തി. കേരള പഞ്ചായത്ത്‌ രാജ് നിയമവും, ഹൈക്കോടതി വിധിയും ലംഘിച്ചാണ് ശാന്തൻ പാറയിലെ പാർട്ടി ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പാർട്ടി ഓഫീസ് കെട്ടിപൊക്കിയത്.

Logo
X
Top