ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് സ്റ്റേ; അവസാനനിമിഷം ഹൈക്കോടതി ഇടപെടലുണ്ടായത് സ്വകാര്യത ചൂണ്ടിക്കാട്ടി

സിനിമയിൽ ആരോപിക്കപ്പെടുന്ന ലിംഗവിവേചനവും ലൈംഗിക ആക്ഷേപങ്ങളും അടക്കമുള്ള പരാതികള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഏഴു ദിവസത്തേക്കാണ് ജസ്റ്റിസ് പിഎം മനോജിൻ്റെ ബഞ്ച് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. വിശദമായ വാദംകേട്ട ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമാ നിര്‍മാതാവ് സജിമോന്‍ പാറയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവരാവകാശ കമ്മിഷൻ്റെ ഇടപെടലിൽ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാൻ സാംസ്കാരികവകുപ്പ് തയ്യാറെടുത്തിരിക്കെ ആണ് ഹൈക്കോടതിയുടെ ഇടപെടൽ.

റിപ്പോർട്ട് പുറത്തുവിടണം എന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഒരു തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത് ചില വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചത്. ഈ റിപ്പോര്‍ട്ട് പൊതുതാല്പര്യം സംരക്ഷിക്കുന്നതല്ല. ആരോപണ വിധേയരുടെ വിശദീകരണം ഇല്ലാതെയാണ് ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് സ്വാഭാവിക നീതിയല്ല. ചിലരെ മോശമാക്കാനുള്ള ആയുധമായി റിപ്പോര്‍ട്ട് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാരന് വേണ്ടി അഡ്വ.സൈബി ജോസ് കിടങ്ങൂർ വാദിച്ചു. പ്രശസ്തിക്കായും കമ്മറ്റിക്ക് മുന്നില്‍ ചിലര്‍ ആരോപണം ഉന്നയിച്ചിരിക്കാം. ആ സാധ്യത കൂടി പരിശോധിച്ച ശേഷം മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അനുവദിക്കാവൂ എന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

സ്വകാര്യതയെ ബാധിക്കുന്നതെല്ലാം ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്രയും പണം മുടക്കി ഒരു മേഖലയിലെ തൊഴില്‍ പ്രശ്‌നം പഠിച്ച റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നത് ശരിയല്ല. അതിനെ പൊതുതാല്പര്യം എന്ന് തന്നെ കണക്കാക്കാം. വലിയ തൊഴില്‍ ചൂഷണവും പീഡനവുമാണ് നടക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നാലെ തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. പ്രസ്തുത റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രണ്ട് മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ജസ്റ്റിസ് പിഎം മനോജ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്തത്. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 11 ലംഘിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് താത്കാലിക സ്റ്റേ. സര്‍ക്കാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് കോടതി സ്‌റ്റേ വന്നത്. ഗുരുതര പരാമര്‍ശങ്ങളുള്ള 70ലേറെ പേജുകള്‍ ഒഴിവാക്കിയാണ് ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനിരുന്നത്. വൈകിട്ട് മൂന്നരക്ക് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി പകര്‍പ്പ് നേരില്‍ കൈപ്പറ്റാന്‍ അറിയിച്ചാണ് അപേക്ഷകർക്ക് സാംസ്‌കാരിക വകുപ്പ് കത്തയച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top