അസി. പ്രൊഫസര്‍ നിയമനത്തിന് ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡ്; റാങ്ക് പട്ടിക റദ്ദാക്കി ഹൈക്കോടതി; തലതിരിഞ്ഞ വിദ്യാഭ്യാസ നയം
വിദേശ സര്‍വ്വകലാശാലകളെ കേരളത്തിലേക്ക് കൊണ്ടു വരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലും സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികള്‍ തല തിരിഞ്ഞ നയങ്ങള്‍ നടപ്പാക്കുന്ന തിരക്കിലാണ്. യാതൊരു അധ്യാപന പരിചയവുമില്ലാത്ത കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗമായ രാഷ്ട്രീയക്കാരന്റെ നേതൃത്വത്തിലുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് അസിസ്റ്റന്റ് പ്രൊഫസറന്‍മാരെ തിരഞ്ഞെടുക്കാന്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി.
കേരള സര്‍വകലാശാലയില്‍ പുതുതായി ആരംഭിച്ചിരിക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സില്‍ പഠിപ്പിക്കുവാന്‍ ഗസ്റ്റ് അധ്യാപകരെ(അസിസ്റ്റന്റ് പ്രൊഫസര്‍) തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യു ബോര്‍ഡില്‍ സിന്‍ഡിക്കറ്റ് സ്റ്റാഫ്കമ്മിറ്റി കണ്‍വീനറും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെഎസ് ഷിജുഖാന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടികയാണ് ജസ്റ്റിസ് എന്‍ നഗരേഷ് റദ്ദാക്കിയത്. യുജിസി നിയമാവലി പ്രകാരം മാത്രമേ നിയമനം നടത്താവൂ എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഇന്റര്‍വ്യു കമ്മിറ്റി ചെയര്‍മാനായി വൈസ് ചാന്‍സലര്‍ (വിസി) നിര്‍ദ്ദേശിച്ച സീനിയര്‍ വനിതാ പ്രൊഫസറെ ഒഴിവാക്കിയാണ് സിപിഎമ്മിന് ഭൂരിപക്ഷമുള്ള സിന്‍ഡിക്കറ്റ് ഷിജുഖാനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിയോഗിച്ചത്. യുജിസി നിബന്ധനപ്രകാരം വിസിയോ,സീനിയര്‍ പ്രൊഫസ്സര്‍ പദവിയിലുള്ള വിസി ചുമതലപ്പെടുത്തുന്നഅദ്ധ്യാപകനോ ആയിരിക്കണം ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാന്‍. സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്നും യുജിസി നിയമാവലിയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.
മുന്‍കാലങ്ങളില്‍ വിസിക്ക് പകരം പ്രോവിസിയാണ് ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ ബോര്‍ഡില്‍ അധ്യക്ഷനാവുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രോവിസി പദവി ഒഴിഞ്ഞു കിടക്കുന്നതുകൊണ്ട് വിസിയോ വിസി ചുമതലപെടുത്തുന്ന സീനിയര്‍ പ്രൊഫസറോസംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകളില്‍ അധ്യക്ഷത വഹിക്കുന്ന രീതി പിന്തുടരുമ്പോഴാണ് കേരള സര്‍വകലാ ശാലയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാക്കാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ചത്.
അനധ്യാപകരായ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ഇന്റര്‍വ്യൂബോര്‍ഡില്‍ പങ്കെടുക്കുന്നത് യൂജിസി വിലക്കിയിട്ടുണ്ട്. യാതൊരു അധ്യാപനപരിചയമില്ലാത്ത ഒരാള്‍ അധ്യാപകരുടെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാകുന്നത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
വിദ്യാഭ്യാസ വിദഗ്ധന്‍ എന്ന നിലയിലാണ് ഷിജുഖാനെ സര്‍ക്കാര്‍ കേരള സര്‍വ്വകലാശാല സിന്‍ഡിക്കറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ആരോപിച്ചു. രാഷ്ട്രീയം മറയാക്കി അധ്യാപകരെ നിയമിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിലെന്നും യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഇന്റര്‍വ്യൂ തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ഗസ്റ്റ് അധ്യാപക നിയമനത്തിന് 500ലധികം പേരാണ് അപേക്ഷകരായുണ്ടായിരുന്നത്. നിയമിക്കപെടുന്നവര്‍ക്ക് നാലു വര്‍ഷ ബിരുദ കോഴ്‌സിന്റെ നിലവിലെ ബാച്ച് പൂര്‍ത്തിയാകുന്നത് വരെ തുടരാനാവും. ഗസ്റ്റ് അധ്യാപന പരിചയം ഭാവിയില്‍ റെഗുലര്‍ നിയമനത്തിനുള്ള മുന്‍പരിചയമായി കണക്കിലെടുക്കാനും കഴിയും.
ഇപ്പോള്‍ 16 ഒഴിവുകളിലേക്കാണ് നിയമനമെങ്കിലും നാല് വര്‍ഷത്തിനുള്ളില്‍ 50ലധികം പേരെ സര്‍വ്വകലാശാലയില്‍ നിയമിക്കേണ്ടിവരും.
75000 വരെ പ്രതിമാസം ശമ്പളമായി ലഭിക്കും. പാര്‍ട്ടിക്കാരെ സര്‍വ്വകലാശാലകളില്‍ റിക്രൂട്ട് ചെയ്യാനുള്ള മാര്‍ഗമായിട്ടാണ് സിപിഎം ഈ അവസരം വിനിയോഗിച്ചത്. ഈ നീക്കങ്ങള്‍ക്കെതിരെ സര്‍വ്വകലാശാലയിലെ സിന്‍ഡിക്കറ്റ് അംഗമായ പിഎസ് ഗോപകമാറാണ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here