‘രാഷ്ട്രീയക്കാർക്ക് എന്തും ആകാമോ’; പാർട്ടി ഓഫീസിന്റെ പണി നിർത്തിവെക്കാൻ ഹൈക്കോടതി

കൊച്ചി: ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശാന്തൻപാറ സിപിഎം ഓഫീസ് പ്രവർത്തിപ്പിക്കരുതെന്നു ഹൈക്കോടതി. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസിനെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും നിറുത്തിവെയ്ക്കാൻ ഹൈക്കോടതി നിർദേശിച്ച ശേഷവും ഇടുക്കി ഏരിയ കമ്മറ്റി ഓഫീസിൻ്റെ നിർമ്മാണം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നടപടിയിലേക്ക് നീങ്ങിയത്.

രാഷ്ട്രീയകക്ഷികൾക്ക് എന്തും ആകാമോ എന്ന് കോടതി ചോദിച്ചു. ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ അജ്ഞത നടിക്കുകയാണ് സി.വി.വർഗീസ് ചെയ്തതെന്നും ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ കക്ഷിയായ ഒരാൾക്ക് ഇത്തരത്തിൽ ഒരു ഉത്തരവ് നടപ്പിലാക്കാൻ ബാധ്യതയുണ്ട് എന്നും കോടതി ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നിർമ്മാണം നടത്തിയിരുന്ന ശാന്തൻപാറയിലെ സിപിഎം ഓഫീസുകൾ കോടതിയിൽ നിന്ന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മറ്റൊരു പ്രവർത്തനത്തിനും ഉപയോഗിക്കാൻ പാടില്ല എന്നും കോടതി വ്യക്തമാക്കി.

റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാൽ ശാന്തൻപാറ കൂടാതെ ഉടുമ്പൻചോല, ബൈസൻവാലി എന്നിവിടങ്ങളിലെ പാർട്ടി ഓഫീസിന്റെ നിർമ്മാണം നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാൻ ആവശ്യമെങ്കിൽ ജില്ലാ കളക്ടർക്ക് പൊലീസ് സഹായം നൽകണമെന്ന് ജില്ല പൊലീസ് മേധാവിയോടും കോടതി നിർദ്ദേശിച്ചിരുന്നു.

വില്ലജ് ഓഫീസർ സ്റ്റോപ്പ്മെമ്മോ നൽകിയിട്ടും നിർമ്മാണം തുടരുകയായിരുന്നു. ഇക്കാര്യം ഹർജിക്കാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി സിപിഎം ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകിയത്. ചൊവ്വാഴ്ചയാണ് കെട്ടിടത്തിന്റെ പണി നിർത്തിവെയ്ക്കാൻ കോടതി ഉത്തരവിട്ടതെങ്കിലും രാത്രിയിലും നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നു എന്ന് അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തി. നിർമ്മാണം പ്രവർത്തനം നിറുത്തിവയ്ക്കണമെന്നു റവന്യൂ-പോലീസ് അധികൃതർ പാർട്ടി നേതാക്കളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കുന്ന പ്രത്യേക ബെഞ്ചാണ് നിർമാണം നിർത്തിവയ്ക്കാൻ ചൊവ്വാഴ്ച ഉത്തരവിട്ടത്. റവന്യു അധികൃതരുടെ ഉത്തരവ് ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണു നടക്കുന്നതെങ്കിൽ നിർമാണം കലക്ടർ നിർത്തിക്കണമെന്നും അടുത്തതവണ ഹർജി പരിഗണിക്കുമ്പോൾ അറിയിക്കണമെന്നുമാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top