ഹണിറോസിന് അസാമാന്യ മികവൊന്നുമില്ലെന്ന് ബോബി ഹൈക്കോടതിയിൽ!! ബോബിക്ക് എന്ത് പ്രത്യേകത? ജാമ്യം ഉടനടി പരിഗണിക്കില്ലെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ

തിടുക്കത്തിൽ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയ ബോബി ചെമ്മണ്ണൂരിന് തിരിച്ചടി. തിടുക്കത്തിൽ ജാമ്യപേക്ഷ പരിഗണിക്കേണ്ട സാഹചര്യം എന്താണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ആരാഞ്ഞു. എന്താണ് ഈ കേസിന്റെ പ്രത്യേകത എന്ന് പ്രതിഭാഗത്തോട് ചോദിച്ച കോടതി, സാധാരണക്കാരായ മറ്റ് പ്രതികളുടെ ജാമ്യപേക്ഷ പോലെ മാത്രമേ ഇതും പരിഗണിക്കാൻ കഴിയൂവെന്ന് നിലപാട് വ്യക്തമാക്കി.

അതേസമയം, പൊതുവേദികളിൽ പരാമർശങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് ജസ്റ്റിസ്‌ പി വി കുഞ്ഞികൃഷ്ണൻ പ്രതിഭാഗത്തെ ഓർമിപ്പിച്ചു. മോശം പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബിക്ക് വേണ്ടി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയ സീനിയർ അഭിഭാഷകൻ ബി രാമൻ പിള്ള കോടതിയിൽ ബോധിപ്പിച്ചു. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ജാമ്യ കാര്യത്തിൽ പൊലീസിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

അതേസമയം പരാതിക്കാരിയായ ഹണി റോസിനെതിരായ പരാമർശങ്ങളും ജാമ്യാപേക്ഷയിലുണ്ട്. മികച്ച നടിയായോ ഗായികയായോ മറ്റേതെങ്കിലും തരത്തിലുള്ള പ്രഫഷണൽ ആയോ പരാതിക്കാരിയെ ആരും പരിഗണിച്ചിട്ടില്ല. ഏതെങ്കിലും വിധത്തിൽ അസാമാന്യ മികവുണ്ടെന്നും ആരും അവകാശപ്പെടില്ല. സെൽഫ് പ്രമോഷൻ കൊണ്ട് ഉണ്ടാക്കിയെടുത്തിട്ടുള്ള ജനകീയത മാത്രമാണ് അവർക്കുള്ളത്. അങ്ങനെയുള്ള ഒരാളെക്കുറിച്ച് പലരും പലവിധത്തിൽ അഭിപ്രായം പറഞ്ഞേക്കാമെന്നും തനിക്കതിൽ ഉത്തരവാദിത്തമില്ല എന്നും വിശദീകരിച്ചാണ് ബോബി ചെമ്മണൂരിൻ്റെ ജാമ്യാപേക്ഷ.

കീഴ്ക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ഇന്നലെ മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി. ജാമ്യാപേക്ഷക്ക് അടിയന്തര സ്വഭാവമില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതോടെ ഉടനെങ്ങും ബോബിക്ക് ആശ്വാസത്തിന് വകയുണ്ടാകില്ലെന്ന് ഉറപ്പായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top