വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍; ഉന്നതതലയോഗം വിളിച്ചു; മന്ത്രിമാരുടെ സംഘം വയനാട്ടിലേക്ക്
തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തെ തടയാന്‍ ഫലപ്രദമായ നടപടികളുമായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജനവാസമേഖലകളിൽ വന്യജീവികൾ എത്തുന്നത് കണ്ടെത്തുന്നതിനായി 250 പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. വന്യമൃഗങ്ങളെ തുരത്തുന്ന കാര്യത്തില്‍ വനം, പൊലീസ്, റവന്യു വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. ആവശ്യമുള്ള ഇടങ്ങളിൽ പൊലീസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്തണം. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ വയനാട് കളക്ടറെറ്റിലാകും യോഗം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. ജനങ്ങൾക്കിടയിൽ ബോധവത്‌കരണം ശക്തിപ്പെടുത്താനുള്ള ഇടപെടൽ നടത്തും. മൈക്ക് പ്രചരണവും ലോക്കൽ പൊലീസ് സ്റ്റേഷൻ വഴിയുള്ള പ്രചരണവും നടത്തുന്നുണ്ട്. അതിർത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കർണാടകയിൽ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പമുണ്ടെന്ന് യോഗം വിലയിരുത്തി.
ചീഫ് സെക്രട്ടറി ഡോ.വി.വേണു, സംസ്ഥാന പോലിസ് മേധാവി ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എം.ആർ. അജിത് കുമാർ, വനം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, വനംവകുപ്പ് മേധാവി ഗംഗ സിംഗ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.പുകഴേന്തി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജയപ്രസാദ്, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here