കുംഭമേള നടക്കുന്ന ഗംഗയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുളള കോളിഫോം ബാക്ടീരിയ വളരെ കൂടുതല്‍; ആശങ്കയറിയിച്ച് ഹരിത ട്രിബ്യൂണല്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയുടെ ഭാഗമായി 54 കോടി ജനങ്ങള്‍ പുണ്യസ്‌നാനം നടത്തിയ ഗംഗാനദിയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുളള ഫെക്കല്‍ കോളിഫോം ((fecal coliform ) ബാക്ടീരിയയുടെ അളവ് വളരെ കൂടുതലെന്ന് കണ്ടെത്തല്‍. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (Central Pollution Control Board (CPCB) നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലെ വെള്ളം മലിനമാണെന്ന റിപ്പോര്‍ട്ടില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ (National Green Tribunal) ആശങ്ക പ്രകടിപ്പിച്ചു. യുപി മലിനീകരണ ബോര്‍ഡിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിത ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരോട് നാളെ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിപിസിബി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച്, 100 മില്ലി വെള്ളത്തില്‍ 2,500 യൂണിറ്റില്‍ കൂടുതല്‍ ഫെക്കല്‍ കോളിഫോം ഉണ്ടാകരുതെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഗംഗയിലെ ജലത്തില്‍ ഇതിലും പതിന്‍മടങ്ങ് ബാക്ടീരിയ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മഹാകുംഭമേളയില്‍ ദിവസവും കോടിക്കണക്കിന് ഭക്തരാണ് എല്ലാ ദിവസവും സ്നാനം ചെയ്യുന്നത്. ഈ വെള്ളത്തില്‍ കുളിക്കുന്നതിന് സുരക്ഷിതമല്ലെന്നാണ് കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. വന്‍തോതില്‍ മനുഷ്യ വിസര്‍ജ്യങ്ങള്‍ വെള്ളത്തില്‍ കലരുമ്പോഴാണ് ഫെക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നത്. കുളിക്കുന്ന വെള്ളത്തില്‍ അവയുടെ സാന്നിധ്യം മൂലം ആരോഗ്യത്തിന് ഹാനികരമായ രോഗങ്ങള്‍ പിടിപെടാന്‍ ഏറെ സാധ്യതയുണ്ട്.

ഗംഗയിലെ വെള്ളത്തില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന ബാക്ടീരിയകളുടെയും രാസവസ്തുക്കളുടെയും അളവ് വലിയ തോതില്‍ വര്‍ധിച്ചതായി പലവട്ടം പഠനറിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ യുപി സര്‍ക്കാരോ മലിനീകരണ ബോര്‍ഡോ കാര്യമായ നീക്കങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. ജനുവരി 13 മുതല്‍ ഇതുവരെ 54.31 കോടി ജനങ്ങള്‍ സ്‌നാനം ചെയ്തെന്നാണ് യുപി സര്‍ക്കാരിന്റെ കണക്കുകള്‍. തിങ്കളാഴ്ച രാത്രി മാത്രം ഒരു കോടി 35 ലക്ഷം പേര്‍ സ്‌നാനം ചെയതിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top