‘പബ്ലിക് ഇൻട്രസ്റ്റോ പബ്ലിസിറ്റി ഇൻട്രസ്റ്റോ’; കെ ഫോൺ ഹർജിയിൽ പ്രതിപക്ഷ നേതാവിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം
കൊച്ചി: കെ ഫോൺ പദ്ധതിക്കെതിരായ ഹർജിയിൽ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഹർജിയിലെ പൊതുതാൽപര്യം എന്താണെന്ന് കോടതി ചോദിച്ചു. 2019ൽ തുടങ്ങിയ പദ്ധതിയെ 2024ൽ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ട്? പ്രതിപക്ഷ നേതാവിന് പബ്ലിക് ഇൻട്രസ്റ്റാണോ പബ്ലിസിറ്റി ഇൻട്രസ്റ്റാണോ എന്ന് കോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ബെഞ്ച് ആണ് കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചത്.
കെ ഫോൺ പദ്ധതിയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്. 2019ൽ തുടങ്ങിയ പദ്ധതി നാലുവർഷമെടുത്ത് ജനങ്ങളിലേക്ക് എത്തുന്ന ഘട്ടമായി. ഇപ്പോൾ വിമർശനം ഉന്നയിച്ചിട്ട് എന്താണ് കാര്യം? ടെൻഡർ ക്ഷണിച്ചതിൽ പ്രശ്നങ്ങളുണ്ടെന്നും സിഎജി റിപ്പോർട്ട് ലഭിച്ചിട്ട് തെളിവ് ഹാജരാക്കാമെന്നും സതീശൻ കോടതിയിൽ അറിയിച്ചു. എന്നാൽ അത് ലഭിച്ചിട്ട് ഹർജി പരിഗണിച്ചാൽ മതിയല്ലോയെന്ന് ചോദിച്ച കോടതി ഹർജി ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ചു. ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് നിർദേശം നൽകി. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാനാണ് കോടതി പറഞ്ഞത്.
ലോകായുക്തയെ വിശ്വാസമില്ലെന്നും അവിടെ ഹർജിയുമായി പോയിട്ട് കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് ഹർജിയിൽ പരാമർശിച്ചതിനെയും കോടതി വിമർശിച്ചു. ഇതിലും അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, പൊതുപ്രവർത്തകനെന്ന നിലയിൽ ഇത്തരം സമീപനം ശരിയല്ലെന്നും പിൻവലിക്കണമെന്നും കോടതി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here