കേരളവർമയിൽ എസ്എഫ്ഐയുടെ വിജയം റദ്ദാക്കി ഹൈക്കോടതി; റീ കൗണ്ടിംഗിന് ഉത്തരവ്

കൊച്ചി: തൃശൂർ കേരളവർമ കോളജ് തിരഞ്ഞെടുപ്പ് കേസിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. റീകൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. എന്നാൽ തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താനും ജസ്റ്റിസ് ടി.ആർ. രവി നിർദേശിച്ചു.

കേരളവർമ കോളജിൽ ഇക്കഴിഞ്ഞ നവംബർ രണ്ടിന് നടന്ന തിരഞ്ഞെടുപ്പിൽ കെ എസ് യുവിന്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ ശിവദാസൻ ഒരു വോട്ടിന് ജയിച്ചിരുന്നു. 41വർഷങ്ങൾക്ക് ശേഷമാണ് കെ എസ് യു കേരളവർമയിൽ വിജയിച്ചത്. പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥിയായ ശ്രീക്കുട്ടൻ കാഴ്ച പരിമിതൻ കൂടിയാണ്. എന്നാൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്ത് വന്നു. റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർഥി അനിരുദ്ധൻ 11 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിച്ചു. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യതി തടസപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നടപടി നിർത്തിവയ്ക്കാൻ കെ എസ് യു ആവശ്യപ്പെട്ടെങ്കിലും അധികൃതർ അംഗീകരിച്ചില്ല. ഇടതുപക്ഷ സംഘടനയിലെ അധ്യാപകർ ഇടപെട്ടാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റം വരുത്തിയതെന്ന് കെ എസ്‌ യു ആരോപിച്ചിരുന്നു.

റീ കൗണ്ടിംഗ് സമയത്ത് തർക്കമുണ്ടായപ്പോൾ നിർത്തിവക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റെ എം.കെ.സുദർശനാണ് റീ കൗണ്ടിംഗ് തുടരാൻ ആവശ്യപ്പെട്ടതെന്നും കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ടി.ഡി. ശോഭ നേരത്തെ പറഞ്ഞിരുന്നു. മാത്യു കുഴൽനാടനാണ് ശ്രീകുട്ടന് വേണ്ടി ഹാജരായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top