കേജ്‌രിവാളിന് മോചനമില്ല; മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി തള്ളി; ഗുഡാലോചനക്ക് തെളിവുണ്ടെന്ന് ഡൽഹി ഹൈക്കോടതി

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജ്‌രിവാളിന് കനത്ത തിരിച്ചടി. ഇഡി അറസ്റ്റിനെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അഴിമതിയിൽ ഗൂഢാലോചന നടത്തി എന്നതിന് തെളിവുണ്ടെന്നും അതിനുള്ള രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. വിചാരണ കോടതിയുടെ അധികാരത്തിൽ ഇടപെടുന്നില്ലെന്നും അറസ്റ്റ് നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

മാപ്പുസാക്ഷിയുടെ മൊഴി നിയമപരമായിട്ടാണ് രേഖപ്പെടുത്തിയത്. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോൾ അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി എന്ന പരിഗണന നൽകാൻ കോടതിക്ക് കഴിയില്ല. രാഷ്ട്രീയപരമായല്ല നിയമപരമായാണ് കോടതി തീരുമാനം എടുക്കുന്നതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് സ്വരണ കാന്ത ശർമ വ്യക്തമാക്കി.

മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കേജ്‌രിവാളിനെ വിചാരണക്കോടതി ആറ് ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് കസ്റ്റഡി നാല് ദിവസം കൂടി നീട്ടി. ഏപ്രിൽ ഒന്നിന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് 15വരെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടത്. വിചാരണ കോടതി ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെ തുടർന്ന് തീഹാർ ജയിലിൽ തുടരുകയാണ് അരവിന്ദ് കേജ്‌രിവാൾ.

കേജ്‌രിവാളിനെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റി നിർത്താനും പാർട്ടിയെ തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ ഉൾപ്പെട്ട പലരെയും ഭീഷണിപ്പെടുത്തി കേജ്‌രിവാളിന്റെ പേര് പറയിച്ചതാണെന്നും മൊഴി നൽകിയവർക്ക് പിന്നീട് ജാമ്യം അനുവദിക്കുന്നത് ഇഡി എതിർത്തില്ലെന്നും സിംഘ്‌വി കോടതിയെ അറിയിച്ചു. അതേസമയം അഴിമതിയിൽ ഏറ്റവും കൂടുതൽ ലാഭം ലഭിച്ചത് ആം ആദ്മിക്കാണെന്നും പാർട്ടിയുടെ പ്രവർത്തനങ്ങൾ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് കേജ്‌രിവാളാണെന്നുമായിരുന്നു ഇഡിയുടെ വാദം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവാണ് ഇ.ഡിക്ക് വേണ്ടി ഹാജരായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top