സിദ്ധാർത്ഥന്റെ മരണത്തിൽ രേഖകൾ കൈമാറാൻ എന്തായിരുന്നു കാലതാമസമെന്ന് ഹൈക്കോടതി; സിബിഐ അന്വേഷണത്തിന് ഉടൻ വിജ്ഞാപനം ഇറക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചു
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐക്ക് രേഖകൾ കൈമാറാൻ വൈകിയത് എന്തുകൊണ്ടെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. രേഖകൾ കൈമാറാൻ വൈകുന്നതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു.
സിബിഐ അന്വേഷണം ആരംഭിക്കാൻ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് കേസ് പരിഗണിച്ചത്. കേസന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറുന്നതിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായി എന്നാരോപിച്ച് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. സിബിഐ അന്വേഷണം ആരംഭിക്കാൻ കേന്ദ്രം എത്രയും വേഗം നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി ഈ മാസം ഒൻപതിന് വീണ്ടും പരിഗണിക്കും.
കേസ് സിബിഐക്ക് കൈമാറാൻ 9നാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ 18 ദിവസത്തിന് ശേഷം മാർച്ച് 27നാണ് രേഖകൾ സിബിഐക്ക് കൈമാറിയത്. തെളിവ് നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനും സർക്കാരും പോലീസും മനപ്പൂർവം ശ്രമിക്കുന്നെന്ന് ആരോപിച്ച് സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിടുക്കത്തിൽ രേഖകൾ കൈമാറിയത്. സിബിഐക്ക് രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയതിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്ന് ആരോപിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തിയത്. ക്രൂരമായ ആൾക്കൂട്ട വിചാരണക്ക് ഇരയായിരുന്നു എന്ന് ആന്റി റാഗിങ് സ്‌ക്വാഡും പോലീസും കണ്ടെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here