സിദ്ധാര്‍ത്ഥന്‍ കേസിലെ പ്രതികള്‍ക്ക് പരീക്ഷയെഴുതാം; ഫലം പ്രസിദ്ധീകരിക്കില്ല
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ ഹൈക്കോടതിയുടെ അനുമതി. ജാമ്യം ലഭിച്ച പ്രതികളായ 19 വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചത്. ഇതിന് ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ ഹൈക്കോടതി സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതി സിംഗിള്‍ ഡെഞ്ചാണ് പ്രതികളുടെ ഹര്‍ജി പരിഗണിച്ചത്.
പരീക്ഷയെഴുതിയാലും ഇവരുടെ ഫലം പ്രസിദ്ധീകരിക്കില്ല. മൂന്ന് വര്‍ഷത്തെ പഠന വിലക്ക് നേരിടുന്നതിനാലാണ് ഫലം പ്രസിദ്ധീകരിക്കാതെ പിടിച്ചുവയ്ക്കുന്നത്. സിദ്ധാര്‍ത്ഥന് ക്രൂരമര്‍ദനവും റാഗിങും നേരിടേണ്ടി വന്നുവെന്ന് കണ്ടെത്തിയതോടെയാണ് 19 വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്തത്. ഇവരെ കോളേജ് പുറത്താക്കുകയും ചെയ്തു. ഇവരാണ് ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടിയത്. പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും ഉപാധികളോടെയാണ് ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്. അതിനാല്‍ തൃശൂരിലെ മണ്ണുത്തിയില്‍ പരീക്ഷാ കേന്ദ്രം ഒരുക്കി നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രാക്ടികല്‍ പരീക്ഷ ഉള്‍പ്പെടെ അടുത്ത ദിവസങ്ങളില്‍ നടക്കും.
ഫെബ്രുവരി 18-നാണ് കോളേജ് ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 16 -ാം തീയതി മുതല്‍ സഹപാഠികള്‍ അടക്കമുള്ളവര്‍ ക്രൂരമായി മര്‍ദിച്ചതായി കണ്ടെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here