ലൈംഗികബന്ധം താല്‍പര്യമില്ലാത്ത ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം; ഭാര്യക്കുമേല്‍ ഭക്തിവിശ്വാസങ്ങൾ അടിച്ചേല്‍പ്പിക്കലല്ല ദാമ്പത്യമെന്ന് ഹൈക്കോടതി

കടുത്ത ഭക്തിയില്‍ അഭിരമിക്കുന്ന ഭര്‍ത്താവ് ലൈംഗിക കാര്യങ്ങളില്‍ ലേശം പോലും താല്‍പര്യം കാണിക്കാത്ത സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കണമെന്ന ഭാര്യയുടെ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. ഭാര്യയെ ഭക്തിമാര്‍ഗത്തിലേക്ക് നയിക്കാനുള്ള ഭര്‍ത്താവിന്റെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരിലാണ് വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്. വിവാഹ മോചനം അനുവദിച്ച വിധിക്കെതിരെ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഏതെങ്കിലുമൊരു പങ്കാളി മറ്റൊരാളുടെ മേല്‍ ആധിപത്യം സ്ഥാപിക്കലല്ല ദാമ്പത്യ ജീവിതം. ഭര്‍ത്താവിന്റെ ആത്മീയ ജീവിതം ഭാര്യയുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് ഒരുതരം ക്രൂരതയാണ്. കുടുംബ ജീവിതവും ലൈംഗിക കാര്യങ്ങളിലെ വിരക്തിയും ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോടലും പരാജയവുമാണെന്ന് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം ബി സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ദമ്പതികളില്‍ ഒരാളുടെ വിശ്വാസവും ആത്മീയ കാഴ്ചപ്പാടുകളും പങ്കാളിയുടെ മേല്‍ അടിച്ചേൽപിക്കാനുള്ളത് അല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

ആയൂര്‍വേദ ഡോക്ടറായ, ഉന്നത വിദ്യാഭ്യാസമുള്ള ഭാര്യയുടെ വാക്കുകളെ അവിശ്വസിക്കേണ്ടതായി തോന്നുന്നില്ല. കടുത്ത മാനസിക പീഡനത്തിന് ഇരയാക്കപ്പെട്ട വ്യക്തിയാണ്. പങ്കാളിയോടുള്ള കടുത്ത ക്രൂരതയായി കണക്കാക്കാവുന്ന തെറ്റാണ് ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതുകൊണ്ട് തന്നെ വിവാഹമോചനം ആവശ്യപ്പെട്ടതിലും കുടുംബകോടതി അത് അനുവദിച്ചതിലും തെറ്റ് പറയാനാവില്ല. അവഗണനയും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള താല്‍പര്യക്കുറവും മാനസിക പിരിമുറുക്കത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് കടുത്ത ക്രൂരതയാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

2016ല്‍ വിവാഹിതരായ ഇവരുടെ ദാമ്പത്യ ജീവിതം ഒരിക്കലും സുഖകരമായ അവസ്ഥയിലായിരുന്നില്ല. ഭര്‍ത്താവിന്റെ കടുത്ത ഭക്തിയും ആത്മീയ കാഴ്ചപ്പാടുകളും നിമിത്തം അദ്ദേഹത്തിന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനോ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിലോ താൽപര്യമില്ല. ജോലി കഴിഞ്ഞാൽ അമ്പലങ്ങളും ആശ്രമങ്ങളും സന്ദര്‍ശിക്കുകയാണ് പതിവ്. ഉന്നത ബിരുദം നേടാനുള്ള തന്റെ ആഗ്രഹത്തിന് തടയിടുകയും കോഴ്‌സിന് ചേരുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തുവെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചിരുന്നു.

പിജി കോഴ്‌സ് പൂര്‍ത്തിയായിട്ടു മതി കുട്ടികള്‍ എന്നത് ഭാര്യയുടെ നിലപാട് ആയിരുന്നുവെന്ന് ഭര്‍ത്താവ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പരസ്പര വിശ്വാസവും സ്‌നേഹവും നഷ്ടപ്പെട്ട സാഹചര്യത്തില്‍ വിവാഹബന്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top