നവകേരള സദസിന് പണം നല്‍കരുത്; LSGD സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി : ഭരണസമിതി തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് പണം അനുവദിക്കരുതെന്ന് സെക്രട്ടറിമാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. കേസില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് നോട്ടീസ് നല്‍കിയത്. പണം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതി സ്റ്റേ ചെയ്തിരുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് നിലവിലെ നിയമങ്ങളെല്ലാം മറികടന്നുള്ളതാണെന്നും കോടതി വിധിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വകമാറ്റി ചിലവഴിക്കണമെന്ന് നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കൗണ്‍സില്‍ തീരുമാനങ്ങളില്ലാതെ പണം ചിലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കിയതും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. മുനിസിപ്പല്‍ കൗണ്‍സില്‍ നിയമപ്രകാരം തീരുമാനമെടുത്താല്‍ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന, ഫണ്ടില്‍ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. കേസ് ഡിസംബര്‍ എഴിന് വീണ്ടും പരിഗണിക്കും.
നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് പണം അനുവദിക്കണമെന്നായിരുന്നു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. 50000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപവരെ അനുവദിക്കണമെന്നായിരുന്നു ഉത്തരവ്. ജില്ലാ പഞ്ചായത്തുകള്‍ മൂന്ന് ലക്ഷം, കോര്‍പ്പറേഷനുകള്‍ രണ്ട് ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് – മുന്‍സിപ്പാലിറ്റികള്‍ ഒരു ലക്ഷം വീതം, പഞ്ചായത്തുകള്‍ അന്‍പതിനായിരം എന്നിങ്ങനെ നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഈ തുക അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഭരണസമിതി തീരുമാനമില്ലാതെ തന്നെ പണം അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പറവൂര്‍ മുന്‍സിപ്പാലിറ്റി ഭരണസമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here