ട്വന്റി20 മെഡിക്കൽ സ്റ്റോർ പൂട്ടിച്ച നടപടി തടഞ്ഞ് ഹൈക്കോടതി; സിപിഎമ്മിന് തിരിച്ചടി, സാധാരണക്കാരുടെ വിജയമെന്ന് സാബു.എം.ജേക്കബ്

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി20 പാര്‍ട്ടി ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ച നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂട്ടിച്ച ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് സ്റ്റേ. മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് ജസ്റ്റിസ് പി.ഗോപിനാഥിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎമ്മിന്റെ ധാർഷ്ട്യത്തിനും പകപോക്കൽ രാഷ്ട്രീയത്തിനുമെതിരെയുള്ള വിധിയാണ് ഇതെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു.എം.ജേക്കബ് പറഞ്ഞു. വിധി സാധാരണക്കാരുടെ വിജയമാണെന്നും മെഡിക്കൽ സ്റ്റോർ ഇന്നുമുതൽ തുറന്നു പ്രവർത്തിക്കുമെന്നും സാബു വ്യക്തമാക്കി. പൂട്ടിച്ചതിനു പിന്നില്‍ സിപിഎമ്മും ശ്രീനിജന്‍ എംഎല്‍എയുമാണെന്ന് ആരോപിച്ച് ട്വന്റി20 കടുത്ത പ്രതിഷേധ പരിപാടികൾക്ക് തുടക്കമിട്ടിരുന്നു. കിഴക്കമ്പലത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചിരുന്നു.

ഈ മാസം 21നായിരുന്നു കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങിയത്. 25നാണ് ചട്ടലംഘനം ചൂണ്ടിക്കാട്ടി പൂട്ടിച്ചത്. മെഡിക്കല്‍ സ്റ്റോര്‍ തുറന്നതിനെതിരെ കിഴക്കമ്പലം സ്വദേശികളായ 2 പേര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ട്വന്റി20 പാര്‍ട്ടിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറുള്‍പ്പെട്ട ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റേതെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ജില്ലാ കളക്‌ടർ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top