കൊലക്കേസ് പ്രതിക്ക് എൽഎൽബി പഠിക്കാൻ ഹൈക്കോടതി അനുമതി; ഉത്തരവ് കോളജിൻ്റെ എതിർപ്പ് തള്ളി, വിദ്യാഭ്യാസം മൗലികാവകാശമെന്ന് കോടതി

കൊച്ചി: എൽഎൽബിയ്ക്ക് പ്രവേശനം ലഭിച്ച കൊലക്കേസ് പ്രതിക്ക് ഓൺലൈനായി പഠനം നടത്താൻ അനുമതി നൽകി ഹൈക്കോടതി. പ്രവേശന പരീക്ഷയിലൂടെ യോഗ്യത നേടിയെങ്കിലും പ്രതിയായതിനാൽ അഡ്മിഷൻ നൽകാൻ കഴിയില്ല എന്ന കോളജിൻ്റെ നിലപാട് തള്ളിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. വിദ്യാഭ്യാസം പ്രതിയുടെ മൗലികാവകാശമാണെന്നും ഇതിലൂടെ സമൂഹത്തിൽ സാധാരണ ജീവിതം നയിക്കാൻ കഴിഞ്ഞേക്കുമെന്നും ജസ്റ്റിസ് ബെഞ്ചു കുര്യൻ തോമസ് ചൂണ്ടിക്കാട്ടി.

കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് എൽഎൽബി പഠനത്തിന് അവസരമൊരുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. പ്രവേശന പരീക്ഷ പാസായ പ്രതിക്ക് മൂന്ന് വർഷത്തെ കോഴ്സിന് മലപ്പുറം കെഎംസിടി ലോ കോളജിലാണ് ലഭിച്ചത്. അഡ്മിഷൻ എടുക്കാൻ കോളജിൽ പോകാൻ കഴിയാത്തതിനാലാണ് കോടതിയിൽ ഹർജി നൽകിയത്. എന്നാൽ പ്രതിക്ക് പ്രവേശനം നൽകുന്നത് കോളജിന്റെ അച്ചടക്കത്തെ ബാധിക്കുമെന്നാണ് കോളേജ് കൗൺസിൽ കോടതിയെ അറിയിച്ചത്. ഈ വാദമാണ് കോടതി തള്ളിയത്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് ഓൺലൈനായി എൽഎൽബി ക്ലാസുകളിൽ പങ്കെടുക്കാമെന്ന് ഇക്കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എൽഎൽബി പഠനത്തിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ചീമേനി ജയിലിലിലെ പ്രതി പട്ടാക്ക സുരേഷ്ബാബു നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. സുരേഷ്ബാബുവിന് അഡ്മിഷൻ ലഭിച്ചതും മലപ്പുറം കെഎംസിടി കോളജിലായിരുന്നു. പ്രവേശനം നൽകാൻ പ്രിൻസിപ്പൽ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ അതേ പ്രിൻസിപ്പലാണ് ഇപ്പോൾ മറ്റൊരു പ്രതിക്ക് അനുമതി നിഷേധിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പ്രവേശന നടപടികൾ പൂർത്തിയാക്കാൻ പ്രതിയെ പോലീസ് അകമ്പടിയിൽ കൊണ്ടുപോകാനും കോടതി നിർദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top