ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതില്‍ കോൺഗ്രസിന് തിരിച്ചടി; ആദായനികുതിക്കെതിരെ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

ഡല്‍ഹി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. മൂന്ന് വർഷത്തെ നികുതി വരുമാനം പുനർനിർണയിക്കുന്നതിനെതിരായ ഹര്‍ജിയാണ് കോടതി തള്ളിയത്. 2018-19 കാലയളവിലെ നികുതി കോണ്‍ഗ്രസ് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ അക്കൗണ്ടുകളില്‍ നിന്ന് 115 കോടി രൂപയാണ് മരവിപ്പിച്ചത്. എംപിമാരുടെ സംഭാവനയാണെന്ന പാര്‍ട്ടിയുടെ വിശദീകരണം അവഗണിച്ചായിരുന്നു നടപടി. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി.

കോണ്‍ഗ്രസ് 250 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചതില്‍ അനധികൃതമുണ്ടെന്ന് ചൂണ്ടിക്കാട്ടി 210 കോടി രൂപ പിഴ ചുമത്തിയിരുന്നു. 2014 മുതല്‍ 2017 വരെയുള്ള പാര്‍ട്ടിയുടെ നികുതി കുടിശിക 520 കോടി രൂപയാണെന്നാണ് ആദായനികുതി വകുപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. നാല് ബാങ്കുകളിലായി 11 അക്കൗണ്ടുകളാണ് ഒരു മാസം മുന്‍പ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.

ബാങ്കുകള്‍ മരവിപ്പിച്ചതോടെ പ്രചാരണത്തിന് പോലും പണമില്ലാത്ത അവസ്ഥയാണെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് പിഴ ചുമത്തുന്നതെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ഉന്നയിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു മാസമാണ് നഷ്ടമായത്. പ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥികളെയും പിന്തുണയ്ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top