10,000 രൂപ പിഴ അടച്ചോളു; ഹർജി പിൻവലിക്കാം; ഐ ജി ലക്ഷ്മണയോട് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഹർജി പിൻവലിക്കാൻ ഐ ജി ലക്ഷ്മണക്ക് ഹൈക്കോടതി അനുമതി നൽകി. 10,000 രൂപ പിഴ അടച്ച ശേഷം ഹർജി പിൻവലിക്കാനാണ് കോടതി പറഞ്ഞത്. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തന്റെ അനുവാദമില്ലാതെ അഭിഭാഷകനാണ് വിവാദ പരാമർശങ്ങൾ കൂട്ടിച്ചേർത്തതെന്നായിരുന്നു ലക്ഷ്മണ കോടതിയെ അറിയിച്ചത്. എന്നാൽ അഭിഭാഷകനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരൻ, ബാർ കൗണ്‍സിലിൽ പരാതി നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പിഴത്തുക ഒരുമാസത്തിനകം അടയ്ക്കാനാണ് നിർദേശം.
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന തരത്തിലുള്ള പരാമർശമാണ് ഐ ജി ലക്ഷ്മണ നൽകിയ ഹർജിയിലുള്ളത്. ലക്ഷ്മണക്ക് വേണ്ടി ഹർജി സമർപ്പിച്ചത് ബിജെപി നേതാവും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റുമായി അഭിഭാഷകൻ നോബിൾ മാത്യുവാണ്. ഹർജിയിലെ പരാമർശങ്ങൾ അറിഞ്ഞിട്ടില്ലെന്ന് നേരത്തെ ലക്ഷ്മണ സർക്കാരിനെയും അറിയിച്ചിരുന്നു. അതിനുശേഷമാണ് ഹർജി പിൻവലിക്കാൻ കോടതിയെ സമീപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here