മസാലബോണ്ടിൽ ഇഡി സമൻസിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; കേസിൽ അന്വേഷണ ഏജൻസി കോടതിയിൽ വിശദീകരണം നൽകിയേക്കും

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നതായി കാണിച്ച് തോമസ് ഐസക്ക് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സമാന ആവശ്യം ഉന്നയിച്ച് കിഫ്‌ബി നൽകിയ ഹർജിയും ഇതിനോടൊപ്പം പരിഗണിക്കും. ജസ്റ്റിസ് ടി.ആർ.രവി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മസാലബോണ്ടുമായി ബന്ധപ്പെട്ട കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഫണ്ട് ചിലവഴിച്ചതിൽ ക്രമക്കേട് ഉണ്ടായെന്നും ഐസക്കിനും കിഫ്ബിക്കും പങ്കുണ്ടെന്നുമാണ് ഇഡിയുടെ വാദം. ഇത് കൃത്യമായി ബോധ്യപ്പെടുത്താനാണ് കോടതി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ഇന്ന് കോടതിയിൽ ഇഡി വിശദീകരണം നൽകിയേക്കും. കിഫ്ബിയുമായി ബന്ധപ്പെട്ട കേസിൽ ഉദ്യോഗസ്ഥർ നാലു തവണ ഹാജരായി 7000 പേജുകൾ വരുന്ന രേഖകൾ സമർപ്പിച്ചിട്ടും ഇതുവരെ ക്രമക്കേട് എന്താണെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ലെന്ന് കിഫ്‌ബി കോടതിയെ അറിയിച്ചിരുന്നു.

കിഫ്ബിയുമായി ബന്ധപ്പെട്ട കേസ് മാർച്ച് 30ന് പരിഗണിച്ചിരുന്നു. കേസിൽ വാദം കേൾക്കുന്നത് മേയ് 22ലേക്ക് കോടതി നീട്ടിവയ്ക്കുകയും ചെയ്തു. ഈ കേസ് പരിഗണിച്ചതിന്റെ അടുത്ത ദിവസം ഇഡി തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചിരുന്നു. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് അറിയിച്ചത്. ഇതിനെത്തുടർന്ന് ഏപ്രിൽ ഒന്നിന് ഐസക്ക് ഹൈക്കോടതിയിൽ ഹർജി നൽകി. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിച്ചെങ്കിലും വീണ്ടും ഒൻപതാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. അതുവരെ കടുത്ത നടപടി പാടില്ലെന്നും കോടതി ഇഡിയോട് നിർദ്ദേശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top