മസാല ബോണ്ട് കേസിൽ ഇഡി നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും; തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യേണ്ടെന്ന ഉത്തരവിനെതിരെയാണ് ഹർജി

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുൻ ധനമന്ത്രിയും പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യരുതെന്ന വിധിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി ) നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യം ചെയ്യലിന് വിളിപ്പിക്കരുതെന്ന് ഉത്തരവിട്ടത്. തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് കാണിച്ചാണ് ഇഡി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
വേനലവധിക്കായി കോടതി പിരിയാനിരിക്കെയാണ് ഇഡി അപ്പീൽ നൽകിയിരിക്കുന്നത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നതായി കാണിച്ച് തോമസ് ഐസക്കും കിഫബിയും നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. അതേസമയം രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇഡിക്ക് ചില വിശദീകരണങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അതിനായി തോമസ് ഐസക്കിനെ നേരില്‍ വിളിച്ചോ രേഖാമൂലമോ ഇത് ആവശ്യപ്പെടാം. ഇക്കാര്യത്തിൽ ഇഡിക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.
ഐസക്കിന് ഹാജരാകാൻ കഴിയുന്ന ഒരു തീയതി അറിയിക്കാന്‍ ഇഡി ആവശ്യപ്പെട്ടെങ്കിലും അത് നിര്‍ദേശിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ മറുപടി. കോടതി നിര്‍ബന്ധിക്കുന്നത് പോലെയാകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഫണ്ട് ചിലവഴിച്ചതിൽ ക്രമക്കേട് ഉണ്ടായെന്നും ഐസക്കിനും കിഫ്ബിക്കും പങ്കുണ്ടെന്നുമാണ് ഇഡിയുടെ വാദം. കിഫ്ബിയുമായി ബന്ധപ്പെട്ട കേസിൽ ഉദ്യോഗസ്ഥർ നാലു തവണ ഹാജരായി 7000 പേജുകൾ വരുന്ന രേഖകൾ സമർപ്പിച്ചിട്ടും ഇതുവരെ ക്രമക്കേട് എന്താണെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ലെന്ന് കിഫ്‌ബിയും കോടതിയെ അറിയിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here