സുരേഷ്ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും; ആശങ്കയില്‍ താരം
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ്ഗോപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ജനുവരി 17ന് മകളുടെ വിവാഹം നടക്കാനിരിക്കെയാണ് മുൻകൂർ ജാമ്യം തേടി താരം ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പോലീസ് ആദ്യം ചുമത്തിയ 354എ എന്ന വകുപ്പിന് പുറമെ വീണ്ടും കേസ് കടുപ്പിച്ചാണ് കോഴിക്കോട്, നടക്കാവ് പോലീസ് കുറ്റപത്രം നൽകിയത്. ഈ സാഹചര്യത്തില്‍ മകളുടെ വിവാഹത്തിനിടയില്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് ആശങ്കയുണ്ടെന്ന് വ്യക്തമായി പറഞ്ഞാണ് ഹർജി നൽകിയിരിക്കുന്നത്.
കേസില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. ഒക്ടോബർ 27ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടൽ ലോബിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ചോദിച്ച വനിതയുടെ തോളില്‍ കൈവച്ചാണ് സുരേഷ് ഗോപി സംസാരിച്ചത്. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും സുരേഷ് ഗോപി കൈവച്ചുവെന്നും ഈ ഘട്ടത്തിൽ കൈ തട്ടിമാറ്റേണ്ടി വന്നുവെന്നുമാണ് മാധ്യമപ്രവർത്തക പരാതിപ്പെട്ടത്. നവംബർ 18 ന് സുരേഷ് ഗോപിയെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് പോലീസിന്റെ ഭാഗത്ത് നിന്ന് മറ്റ് നീക്കങ്ങള്‍ ഒന്നും ഉണ്ടായില്ല. എങ്കിലും ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്ന ഘട്ടത്തിൽ അറസ്റ്റിന് സാധ്യതയില്ല എന്ന വിലയിരുത്തലും ഉണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here