ഇത് രചിൻ്റെ ലോകകപ്പ്; റെക്കോർഡുകൾ പഴങ്കഥയാക്കി ഇന്ത്യൻ വംശജൻ
ബംഗളൂരു: ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പ് തൻ്റേതാക്കി മാറ്റിയിരിക്കുകയാണ് ന്യൂസിലൻഡ് ടീമിലെ ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര. അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോർഡാണ് ഇന്ന് ശ്രീലങ്കക്കെതിരെയുളള മത്സരത്തിൽ രചിന്‍ സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരായ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ 34 പന്തില്‍ 42 റണ്‍സാണ് രചിന്‍ നേടിയത്.
2019 ലോകകപ്പില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയെ മറികടന്നാണ് രചിന്‍ രവീന്ദ്ര റെക്കോർഡ് പുസ്തകത്തിൽ തന്റെ പേരെഴുതിച്ചേര്‍ത്തത്. ഒമ്പത് മത്സരത്തില്‍ നിന്നും 70.65 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 565 റണ്‍സാണ് രചിന്‍ നേടിയത്. 532 റണ്‍സാണ് 2019 ലോകകപ്പില്‍ ബെയര്‍സ്റ്റോ നേടിയത്..
ഇതിന് പുറമെ ക്വിന്റണ്‍ ഡി കോക്കിനെയും വിരാട് കോഹ്‌ലിയെയും മറികടന്ന് 2023 ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും രചിന്‍ രവീന്ദ്രക്കായി. എട്ട് മത്സരങ്ങളിൽ നിന്നും 550 റൺസാണ് ഡി കോക്ക് ഇതുവരെ നേടിയത്. എട്ട് മത്സരങ്ങളിൽ നിന്നും 543 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം.
അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന് ന്യൂസിലൻഡ് ശ്രീലങ്കയെ തോൽപ്പിച്ചു. ടോസ് നേടിയ കിവീസ് ലങ്കയെബാറ്റിംഗിനയക്കുകയായിരുന്നു. ശ്രീലങ്ക 46.4 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവികൾ 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here