1630 കോടിയുടെ തട്ടിപ്പ് നടത്തി ഹൈറിച്ച്; രാജ്യാന്തര തലത്തില്‍ അന്വേഷണം വേണം; മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ചേര്‍പ്പ് എസ്എച്ച്ഒയുടെ റിപ്പോര്‍ട്ട്
തൃശ്ശൂര്‍ : ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയത് കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് പോലീസ് റിപ്പോര്‍ട്ട്. 1630 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് ചേര്‍പ്പ് പോലീസ് തൃശ്ശൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ മണി ചെയിന്‍ മാതൃകയില്‍ നടത്തിയ തട്ടിപ്പിലൂടെ സമാഹരിച്ച തുക ക്രിപറ്റോ കറന്‍സിയായും മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കൈമാറ്റം ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ തുക കണ്ടെത്തുന്നതിന് രാജ്യന്തര തലത്തില്‍ അന്വേഷണം വേണം. അതിന് പോലീസിന് പരിമിതിയുണ്ടെന്നും മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം നടത്തുന്നതിലെ പരിമിതികള്‍ക്കൊപ്പം അട്ടിമറിച്ചതിന്റെ സൂചനകളും റിപ്പോര്‍ട്ടിലുണ്ട്. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മൂന്ന് തവണയാണ് ചേര്‍പ്പ് പോലീസ് എസ്എച്ച്ഒ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇതില്‍ ഒരു നടപടിയും ഉണ്ടായില്ല. ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പനി അധികൃതര്‍ നല്‍കിയെങ്കിലും പരിശോധിക്കുന്നതിനുളള സൗകര്യമില്ലാത്തതിനാല്‍ അതിന് പോലും കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനിയുടേയും ജീവനക്കാരുടേയും അക്കൗണ്ടുകളിലേക്കാണ് നിക്ഷേപ തുകകള്‍ എത്തിയത്. എന്നാല്‍ ഈ അക്കൗണ്ടുകളില്‍ ഇപ്പോള്‍ നാമമാത്രമായ തുകയാണ് അവശേഷിക്കുന്നത്. ബാക്കിയുള്ള തുക കണ്ടെത്താന്‍ പോലീസിന് കഴിയില്ല എന്നാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് പോലുള്ള മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണം. തട്ടിപ്പിനിരയായ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ലാത്തതിനാല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും അന്വേഷണത്തിനും കൂടുതല്‍ സമയം വേണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ പി.എ.വത്സന്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഹൈറിച്ച് കമ്പനി ഉടമകളായ പ്രതാപനും ഭാര്യ ശ്രീന പ്രതാപനും വലിയ സംരക്ഷണം ലഭിക്കുന്നതായി വത്സന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോലീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സെര്‍ക്യൂലേഷന്‍ സ്‌കീംസ് ആക്ടിലെ 3,4,5,6 വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചെയ്തിട്ടും കമ്പനി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. ബഡ്‌സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ കണ്ട്്‌കെട്ടാന്‍ ഉത്തരവുണ്ടായിട്ടും നടപടികള്‍ വൈകിയതിനാല്‍ തട്ടിപ്പിലൂടെ സമാഹരിച്ച കോടികള്‍ കമ്പനി ഉടമകള്‍ വിദേശത്തേക്കടക്കം കടത്തിയെന്ന സൂചനകളാണ് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here