ഹൈറിച്ച് ഉടമ ഇഡി ഓഫീസില്‍ ഹാജരായി; പ്രതാപന്‍ എത്തിയത് ഭാര്യ ശ്രീന ഇല്ലാതെ; തട്ടിയത് 1200 കോടിയിലേറെ

കൊച്ചി: ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് വഴി 1200 കോടിയോളം തട്ടിയ കേസിലെ പ്രതി ഹൈറിച്ച് കമ്പനി ഉടമ കെ.ഡി.പ്രതാപൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ (ഇഡി) ഹാജരായി. തൃശൂരിലെ ഇവരുടെ വസതിയില്‍ കഴിഞ്ഞ 31ന് ഇഡി റെയ്ഡിനെത്തിയിരുന്നു. ഈ വിവരമറിഞ്ഞ് റെയ്ഡിന് തൊട്ടുമുന്‍പ് പ്രതാപനും ഭാര്യ ശ്രീനയും വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ ഇന്ന് ഇഡി ഓഫീസില്‍ ഹാജരാകാമെന്ന് ഇരുവരും അറിയിച്ചിരുന്നു. എന്നാല്‍ പ്രതാപന്‍ മാത്രമാണ് ഇഡി ഓഫീസില്‍ എത്തിയത്.

127 കോടിയുടെ നികുതിവെട്ടിച്ചതിന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളില്‍ പണം മുടക്കി കോടികള്‍ ലഭിക്കുമെന്ന് പറഞ്ഞ് പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തട്ടിയെടുത്ത കോടികള്‍ ഹവാല വഴി വിദേശത്തേക്കു കടത്തി. ഇതിൽ 100 കോടി രൂപയെക്കുറിച്ച് മാത്രമാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. 212 കോടി രൂപ ഇഡി മരവിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള തുക കണ്ടുകെട്ടേണ്ടതുണ്ടെന്നും വൈകിയാല്‍ തട്ടിയെടുത്ത പണം ഒളിപ്പിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇവര്‍ ശ്രമിക്കുമെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസാണ് ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ്. ഈ തട്ടിപ്പ് കമ്പനി 3,141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് ടി.ജെ.വിനോദ് എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകിയത്.

പലചരക്ക് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് തട്ടിപ്പ് നടത്തിയത്. കമ്പനി തട്ടിച്ച പണത്തില്‍ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറന്‍സി വഴിയാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ‌ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ക്രിപ്റ്റോ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇതിന് പുറമെ ഒടിടി പ്ലാറ്റ്ഫോമിന്റെ പേരിലും ഇവർ തട്ടിപ്പ് നടത്തി. പുതിയ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്ത് സബ്സ്ക്രൈബേഴ്സിനെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ആയിരക്കണക്കിന് ആളുകളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം നിക്ഷേപം വാങ്ങിയായിരുന്നു ഈ തട്ടിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top