കൂറുമാറിയ എംഎല്‍എമാര്‍ക്ക് ഇനി പെന്‍ഷന്‍ ലഭിക്കില്ല; പുതിയ ബില്ലുമായി ഹിമാചല്‍ സര്‍ക്കാര്‍

കൂറുമാറിയ എംഎല്‍എമാര്‍ക്ക് ഇനി ഹിമാചല്‍ പ്രദേശില്‍ പെന്‍ഷന്‍ ലഭിക്കില്ല. കൂറുമാറിയ നിയമസഭാംഗങ്ങളുടെ പെൻഷൻ ആനുകൂല്യം റദ്ദാക്കാനുള്ള ബിൽ ഹിമാചൽ നിയമസഭ പാസാക്കി. ഏതെങ്കിലും സമയത്ത് അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയുണ്ടാകില്ല എന്നാണ് ബില്ലില്‍ പറയുന്നത്.

“ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ഈ ബിൽ അവതരിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു.നിയമസഭ ഇന്ന് ശബ്ദ വോട്ടോടെയാണ് ഇത് പാസാക്കിയത്,” ബിൽ പാസാക്കിയതിന് ശേഷം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു പറഞ്ഞു.

നേരത്തെ ഫെബ്രുവരി 29ന് നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ കൂറുമാറ്റ നിരോധന നിയമപ്രകാരം ആറ് കോൺഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു. രജീന്ദർ സിംഗ് റാണ, സുധീർ ശർമ്മ, ചൈതന്യ ശർമ്മ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ ഭൂട്ടോ, രവി താക്കൂർ എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണിത്.

കോൺഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് കോൺഗ്രസിന്‍റെ ഔദ്യോഗിക രാജ്യസഭാ സ്ഥാനാർത്ഥിയായ മനു അഭിഷേക് സിംഗ്‌വി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മാസം തെലുങ്കാനയിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിയമസഭയില്‍ അംഗബലം 34 ആയി കുറഞ്ഞതോടെ കോൺഗ്രസ് സർക്കാരിന് പ്രതിസന്ധി നേരിടേണ്ടി വന്നു. എന്നാൽ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിജയിച്ച് വന്നതോടെ കോൺഗ്രസിൻ്റെ അംഗബലം വീണ്ടും 40 ആയി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top