ഹിമാചല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി; കോണ്‍ഗ്രസ് ക്രോസ് വോട്ട് ബിജെപിക്ക്; അഭിഷേക് സിങ്‌വി തോറ്റു; ഭരണപ്രതിസന്ധിയില്‍ സര്‍ക്കാര്‍

ഷിംല: ഹിമാചൽ പ്രദേശ് രാജ്യസഭ തിരഞ്ഞെടുപ്പില്‍ അട്ടിമറി. സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വി പരാജയപ്പെട്ടു. ബിജെപിയുടെ ഹര്‍ഷ് മഹാജനാണ് വിജയം. ഇരു സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെയാണ് ഹർഷിനെ വിജയിയായി പ്രഖ്യാപിച്ചത്. 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമാണുള്ളത്. ബിജെപിക്ക് 25 അംഗങ്ങളും. കോൺഗ്രസിന്റെ ആറ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥിക്ക് 34 വോട്ട് ലഭിച്ചത്.
വന്‍ ആരോപണ പ്രത്യാരോപണങ്ങളാണ് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്നത്. 6 കോൺഗ്രസ് എംഎൽഎമാരെ സിആർപിഎഫ് സംഘം തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു രംഗത്തുവന്നു. “സിആർപിഎഫും ഹരിയാന പൊലീസും ചേർന്ന് 5–6 കോൺഗ്രസ് എംഎൽഎമാരെ കടത്തിക്കൊണ്ടു പോയി. എംഎൽഎമാർ എത്രയും പെട്ടെന്ന് അവരുടെ കുടുംബത്തെ ബന്ധപ്പെടണമെന്നും പരിഭ്രമിക്കാൻ ഒന്നുമില്ലെന്നും അറിയിക്കുകയാണ്”– സുഖ്‍വിന്ദർ പറഞ്ഞു.
ഉത്തരേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനത്തെ ഭരണം പ്രതിസന്ധിയിലാണ്. സുഖ്‍വിന്ദർ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ബിജെപി നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here