ലെയ്‌ലാൻഡ് ഫിനാൻസിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; വാഹനവായ്പ തിരിച്ചടച്ചിട്ടും ബാധ്യത ഒഴിവാക്കിയില്ല; 1.2 ലക്ഷം രൂപ നഷ്ടപരിഹാരം
കൊച്ചി: വാഹനവായ്പ മുഴുവന്‍ അടച്ചു തീര്‍ത്തിട്ടും ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിച്ച് രേഖകള്‍ നല്‍കാത്ത ധനകാര്യ സ്ഥാപനത്തിനെതിരെ പിഴയിട്ട് ഉപഭോക്തൃ കോടതി. ഹിന്ദുജ ലെയ്‌ലാൻഡ് ഫിനാന്‍സിനെതിരെ എറണാകുളം കോതാട് സ്വദേശി ആന്റണി കെ.വി നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഡി.ബി.ബിനു അധ്യക്ഷനായ ബെഞ്ച് വാഹന ഉടമക്ക് 1.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടു.
2012 നവംബറിലാണ് പരാതിക്കാരന്‍ ഹിന്ദുജ ലെയ്‌ലാൻഡ് ഫിനാന്‍സില്‍ നിന്നും വാഹന വായ്പ എടുത്തത്. 47 ഗഡുക്കളായി തുക തിരിച്ചടച്ചിരുന്നു. എന്നാല്‍ തിരിച്ചടവില്‍ വീഴ്ചവരുത്തി എന്നാരോപിച്ച് വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിക്കാതിരിക്കുകയും ഇത് പരാതിക്കാരന്റെ സിബില്‍ സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതുമൂലം ഗുഡ്‌സ് വാഹനം ഓടിച്ച് ജീവിക്കുന്ന പരാതിക്കാരന് തൊഴില്‍പരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും വലിയ സാമ്പത്തിക നഷ്ടം വരികയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിച്ച് വാഹനത്തിന്റെ മുഴുവന്‍ രേഖകളും എന്‍ഒസിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഫിനാന്‍സ് കമ്പനിയുടെ നടപടി തെറ്റാണെന്ന് കണ്ടെത്തിയാണ് മുഴുവന്‍ രേഖകളും ഒരു മാസത്തിനകം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരവും കോടതി ചിലവും ഉള്‍പ്പെടെയാണ് 1.2 ലക്ഷം രൂപയുടെ പിഴ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here