ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷ ഹെ; ഇന്ത്യ മുന്നണിയെ വെട്ടിലാക്കി മാരന്‍റെ പരാമര്‍ശം

ഡൽഹി: ഹിന്ദി അറിയുന്നവര്‍ തമിഴ്നാട്ടിൽ ടോയ്ലറ്റുകൾ വൃത്തിയാക്കുന്നുവെന്ന ഡിഎംകെ നേതാവ് ദയാനിധിമാരൻ്റെ പ്രസ്താവന ‘ഇന്ത്യ’ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു. പരാമർശത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ചതിന് പിന്നാലെയാണ് മുന്നണിയിലെ പ്രധാന കക്ഷികളായ ആർജെഡിയും ജെഡിയുവും രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും തകർക്കാന്‍ ഇന്ത്യ മുന്നണി ശ്രമിക്കുന്നു എന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്. മുന്നണിയിലെ ആഭ്യന്തര സംഘട്ടനങ്ങളും പ്രാദേശിക സ്പർദ്ധകളും പരിഹരിക്കാന്‍ കോൺഗ്രസ് ശ്രമിക്കുന്നതിനിടയിലാണ് ബിജെപി മാരൻ്റെ പരാമർശത്തെ വ്യാപകമായി ഉപയോഗിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തങ്ങൾക്കെതിരെ ശക്തമായ പോരാട്ടത്തിന് സജ്ജമാകാന്‍ പ്രതിപക്ഷ നീക്കങ്ങൾ സജീവമാക്കുന്നതിനിടയിലാണ് പുതിയ വിവാദം. ദേശീയതലത്തില്‍ ഇന്ത്യ മുന്നണി രൂപീകരിക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ച ജെഡിയുവും ആർജെഡിയുമാണ് ഇപ്പോൾ സഖ്യത്തിലെ മറ്റൊരു പ്രധാന കക്ഷിയായ ഡിഎംകെയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യ മുന്നണിയിൽ വിള്ളൽ വീഴ്ത്താൻ മാരൻ്റെ പരാമർശത്തെ ബിജെപി ഉപയോഗിക്കുമ്പോൾ സഖ്യത്തെ നയിക്കുന്ന കോൺഗ്രസ് ഇത് വരെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹിന്ദി മാത്രമറിയാവുന്ന ബീഹാറികള്‍ തമിഴ്നാട്ടില്‍ കെട്ടിട നിര്‍മ്മാണ ജോലികള്‍ ചെയ്തും ടോയ്ലറ്റുകൾ കഴുകിയുമാണ് ജീവിക്കുന്നതെന്ന പ്രസ്താവനയടങ്ങിയ മാരന്റെ വീഡിയോയാണ് പ്രതിപക്ഷത്തെ തമ്മിലടിക്ക് കാരണമായത്.

ഹിന്ദി പഠിച്ചിരുന്നെങ്കിൽ നിർമാണത്തൊഴിലാളിയായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്ക് ജോലി ചെയ്യേണ്ട അവസ്ഥയുണ്ടാകുമായിരുന്നുവെന്നും മാരൻ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നണി തയ്യാറെടുക്കുന്ന നിർണായക സമയത്താണ് ഡിഎംകെ നേതാവിൻ്റെ പരാമർശം ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായിരിക്കുന്നത് എന്നതും മറ്റൊരു വസ്തുതയാണ് .

എന്നാൽ പ്രസംഗം ഒൻപത് മാസങ്ങൾക്ക് മുമ്പുള്ളതാണെന്നും ബിജെപിയുടെ ശ്രദ്ധ തിരിക്കൽ തന്ത്രത്തിൻ്റെ ഭാഗമായിട്ടാണ് അത് ചിലർ പ്രചരിപ്പിക്കുന്നതെന്നുമാണ് ഡിഎംകെ വൃത്തങ്ങളുടെ പ്രതികരണം. എന്നാൽ മാരൻ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ ധനമന്ത്രി നിർമല സീതാരാമൻ നേരിടുന്ന തിരിച്ചടികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നതെന്ന് ഡിഎംകെ വൃത്തങ്ങൾ പറയുന്നു.

ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് രൂക്ഷമായ ഭാഷയിലാണ് സഖ്യകക്ഷി നേതാവിൻ്റെ വാക്കുകളെ വിമർശിച്ചത്. വിഷയത്തില്‍ രാഹുൽ ഗാന്ധിയും നിതീഷ് കുമാറും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യം വിവിധ ബിജെപി നേതാക്കൾ ഉയർത്തിയതിന് പിന്നാലെയായിരുന്നു ഇത്. “ഞങ്ങൾ പിന്തുടരുന്ന സാമൂഹിക നീതി എന്ന ആദർശം ഉൾക്കൊള്ളുന്ന ഒരു പാർട്ടിയായാണ് ഡിഎംകെയെ കാണുന്നത്. അതിന്റെ നേതാക്കൾ ആദർശത്തിന് വിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ഒഴിവാക്കണം”- തേജസ്വി പറഞ്ഞു.

ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ളവർ തമിഴ്‌നാട്ടിൽ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നതിനെക്കുറിച്ച് ഡിഎംകെ എംപിയുടെ അപകീർത്തികരമായ പരാമർശത്തെ ബീഹാർ ഉപമുഖ്യമന്ത്രി അപലപിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളോട് ആദരവോടെ പെരുമാറേണ്ടത് പ്രധാനമാണെന്നും തേജസ്വി കൂട്ടിച്ചേർത്തു.

കഴിഞ്ഞ മുന്നണി യോഗത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഹിന്ദിയിൽ സംസാരിച്ചതിന് പരിഭാഷ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെ നേതാവ് ടി.ആർ. ബാലുവും ആവശ്യപ്പെട്ടിരുന്നു. പരിഭാഷയുടെ കാര്യമില്ലെന്നും ആവശ്യമുള്ളവർ ഹിന്ദി പഠിക്കണമെന്നുമായിരുന്നു നിതീഷ്‌കുമാറിൻ്റെ പ്രതികരണം. എല്ലാവരും ഹിന്ദി പഠിക്കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യ മുന്നണി എന്ന് പേരിട്ടതു കൊണ്ട് മാത്രം കാര്യമില്ലെന്നുമായിരുന്നു നിതീഷിന്റെ പരിഹാസം. ഇതിനെതിരെ യോഗത്തില്‍ ഡിഎംകെ നേതാക്കള്‍ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top