മുഖ്യമന്ത്രിക്കായി ‘ഹിന്ദു’ അഭിമുഖമൊരുക്കിയ ‘കെയ്സന്’ സംഘ്ബന്ധം? ബിജെപിക്കും മോദിക്കും ക്യാമ്പെയ്നുകൾ നടത്തുന്ന ഏജൻസി റിലയൻസിൻ്റെ ഷെൽ കമ്പനി!!
‘ഹിന്ദു’ ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ ദുരൂഹ അഭിമുഖത്തിന് പിന്നിൽ പ്രവർത്തിച്ച കെയ്സൻ എന്ന പിആർ ഏജൻസി മോദിക്ക് വേണ്ടിയും ബിജെപിക്ക് വേണ്ടിയും നിരന്തരം ക്യാമ്പെയ്ൻ നടത്തുന്നവരാണെന്ന് വ്യക്തമായതോടെ വിവാദം പിണറായിക്ക് ഇരുട്ടടിയാകുകയാണ്. പിണറായി സർക്കാരിൻ്റെ ആർഎസ്എസ്- സംഘ് പരിവാർ ബന്ധം പിവി അൻവറിലൂടെയും അല്ലാതെയും സംസ്ഥാനത്ത് കൊടുമ്പിരി കൊണ്ട രാഷ്ട്രീയ വിവാദമായിരിക്കെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. പിണറായിക്കെതിരായി ഇപ്പോൾ ഉയരുന്ന ആക്ഷേപങ്ങളെ സാധൂകരിക്കും വിധമാണ് ‘ഹിന്ദു’വിൻ്റെ ഖേദപ്രകടനം പുറത്തുവന്നതും, കെയ്സണിലൂടെ മുഖം മിനുക്കാനും രാഷ്ട്രീയ അജണ്ടകൾ സെറ്റ് ചെയ്യാനും നടത്തിയ ഒളിച്ചുകളികൾ പുറത്തായതും.
സിപിഎം എക്കാലത്തും ശത്രുപക്ഷത്ത് നിർത്തിയ ഇന്ത്യൻ ബഹുരാഷ്ട്ര കുത്തകയായ റിലയൻസിന് 75% ഓഹരിയുള്ള അവരുടെ ഷെൽ കമ്പനിയാണ് കെയ്സൻ. അവരുടെ സിഇഒ വിനീത് ഹൻദെയും റിലയൻസ് ഉദ്യോഗസ്ഥനായ പ്രശാന്ത് സുബ്രഹ്മണ്യൻ എന്ന മലയാളിയുമാണ് ‘ഹിന്ദു’ അഭിമുഖം നടത്തുമ്പോൾ പിണറായിക്ക് ഇടംവലം നിന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇതിൽ പ്രശാന്ത് സുബ്രഹ്മണ്യൻ ആലപ്പുഴ ജില്ലയിൽ നിന്നുള്ള സിപിഎം മുൻ എംഎൽഎ ദേവകുമാറിൻ്റെ മകനാണ്. മലപ്പുറത്തെക്കുറിച്ച് വംശീയ മുൻവിധിയോടെ സ്വർണക്കടത്ത് -ഹവലാ വാർത്തകൾ ചാനലുകൾക്ക് ലഭ്യമാക്കാൻ ഇയാൾ കഴിഞ്ഞ കുറെക്കാലമായി പണിയെടുക്കുന്നതായും ചില മാധ്യമങ്ങൾ സ്ഥിരീകരിച്ചതോടെ വലിയ ഗൂഢാലോചനകളും അവിശുദ്ധ ഇടപാടുകളും ഇതിന് പിന്നിലുണ്ട് എന്നതും മറനീക്കപ്പെട്ടു.
മോദിക്കും ബിജെപിക്കും വേണ്ടി വർഷങ്ങളായി സ്വദേശത്തും വിദേശത്തും പിആർ പണിയെടുക്കുന്ന ഏജൻസിയാണ് കെയ്സൻ എന്ന് അവരുടെ സോഷ്യൽ മീഡിയ ഹാർഡിലുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇത്രയും പരസ്യമായി മോഡിക്കൊപ്പം നിന്ന പിആർ ഏജൻസിക്ക് എങ്ങനെ പിണറായി ചുവപ്പു പരവതാനി വിരിച്ചു എന്നതിൽ അത്ഭുതപ്പെടുകയാണ് ഇടതു കേന്ദ്രങ്ങൾ. ‘ഹിന്ദു’ അഭിമുഖം പ്രസിദ്ധീകരിച്ച് 32 മണിക്കൂറുകൾക്ക് ശേഷമാണ് ഇക്കാര്യത്തിലെ വിയോജിപ്പ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മാധ്യമങ്ങൾക്ക് നൽകിയത്. കുറച്ച് ദിവസം മുമ്പ് മിഡിൽ ഈസ്റ്റ് മാധ്യമമായ ഖലീജ് ടൈംസ് വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖം തയാറാക്കിയ ലേഖകൻ നസ്റീൻ അബ്ദുല്ല കെയ്സന് നന്ദി അറിയിച്ച് കുറിപ്പ് നൽകിയതും പുറത്തായിട്ടുണ്ട്. ഹിന്ദു അഭിമുഖത്തിൻ്റെ മാതൃകയിൽ ഈ അഭിമുഖവും മുഖ്യമന്ത്രിക്ക് വേണ്ടി ഇതേ ഏജൻസി ഒരുക്കിയതാണെന്ന് ഇതിലൂടെ വ്യക്തമാകുമ്പോൾ ഇവരുമായി പിണറായിക്കുള്ള ബന്ധം പൊടുന്നനെ ഉണ്ടായതല്ല എന്നും വ്യക്തമാകുന്നു.
Also Read: ‘മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ല’; സിപിഎം ക്യാപ്‌സ്യൂള്‍ പഴയതുപോലെ ഏല്‍ക്കുന്നില്ല
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വെടിവയ്പ്പിനും ആറുപേരുടെ മരണത്തിനും ഇടയാക്കിയ വേദാന്ത – സ്റ്റെർലൈറ്റ് കമ്പനികളെ കെയ്സൻ തങ്ങളുടെ ക്ലൈൻ്റ് ലിസ്റ്റിൽ ചേർത്തിട്ടുണ്ട് എന്നത് ഈ വിഷയത്തിൽ സിപിഎമ്മിന് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കും. സംഘ് പരിവാർ നേതൃത്വം പതിറ്റാണ്ടുകളായി ഒരു പ്രത്യേക വീക്ഷണത്തോടെ കേരളത്തെ പ്രത്യേകിച്ച് മലപ്പുറത്തെ അവതരിപ്പിക്കാൻ ശ്രമിച്ചു വരികയാണ്. എന്നാൽ അത് പരിമിതമായി മാത്രമാണ് വിജയം കണ്ടത്. കേരള സ്റ്റോറി പോലെ സിനിമകളടക്കം ഇറക്കി കേരളത്തിൻ്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ ശ്രമങ്ങൾ നടക്കുന്നതിടെയാണ്, ‘ദ ഹിന്ദു’ ദിനപത്രത്തിലൂടെ വിഭജന സ്വഭാവത്തിലുള്ള പിണറായിയുടെ അഭിമുഖം പുറത്ത് വന്നത്.
അത് പുറത്തുവന്ന ദിവസവും അന്ന് രാത്രിയും പിറ്റേന്ന് ഉച്ചയ്ക്ക് പ്രസ് സെക്രട്ടറി നിഷേധക്കുറിപ്പ് പുറത്തിറക്കുന്നതു വരെയും “മുഖ്യമന്ത്രി പറഞ്ഞത്, എന്താ ശരിയല്ലേ? വസ്തുതയല്ലേ, കണക്ക് നിരത്തിയല്ലേ പിണറായി പറഞ്ഞത്”- എന്നായിരുന്നു എംബി രാജേഷ് അടക്കമുള്ള സിപിഎം മന്ത്രിമാരുടെയും നേതാക്കളുടെയും ന്യായീകരണം. എന്നാൽ പ്രസ് സെക്രട്ടറിയുടെ നിഷേധം വന്നതോടെ, “പിണറായി അങ്ങനെ പറയുമെന്ന് എങ്ങനെ നിങ്ങൾ കരുതി” എന്നായി ക്യാപ്സ്യൂൾ. യഥാർത്ഥത്തിൽ ‘മാധ്യമ സിൻഡിക്കറ്റ്’ റിപ്പോർട്ട് ചെയ്തിരുന്നത് പോലെ, സിപിഎമ്മിൻ്റെ രാഷ്ട്രീയ ലൈനിൽ വരുത്തിയ മാറ്റവും, ഹിന്ദു വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള നീക്കവും, അതുവഴി അൻവർ ഉയർത്തിവിട്ട വിവാദവും ഞൊടിയിടയിൽ മറികടക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ്, പാളിപ്പോയപ്പോൾ പിണറായി കയ്യൊഴിഞ്ഞത്.
വിവാദ അഭിമുഖത്തിന് പിന്നാലെ ന്യൂനപക്ഷ കേന്ദ്രങ്ങളിൽ പാർട്ടിക്കെതിരെ പ്രതിഷേധം ശക്തമായതും പതിറ്റാണ്ടുകളായി ഒപ്പം നിന്ന കാന്തപുരം വിഭാഗമടക്കം കടുത്ത പ്രതിഷേധം ഉയർത്തിയതും സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് തിരിച്ചറിഞ്ഞാണ് 35 മണിക്കൂർ കഴിഞ്ഞപ്പോൾ പിണറായി ചുവടുമാറ്റിയത്. അതാകട്ടെ, പിണറായി ഇത്രനാൾ കൊണ്ട് കെട്ടിപ്പൊക്കിയ ‘ക്രെഡിബിലിറ്റി’ തന്നെ ഇല്ലാതാക്കുന്ന പിആർ വിവാദത്തിൽ പാർട്ടിയെയും മുഖ്യമന്ത്രിയെയും കൊണ്ടെത്തിക്കുകയും ചെയ്തു. ഒരു ഗൂഢ ഉദ്യോഗസ്ഥ സംഘമാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും എംആർ അജിത് കുമാർ എഴുതി കൊടുക്കുന്നതാണ് പിണറായി വായിക്കുന്നതെന്നും പിവി അൻവർ പറഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. എം ശിവശങ്കർ കൊടുക്കുന്ന ടിഷ്യു പേപ്പറിൽ പോലും പിണറായി ഒപ്പിട്ട് നൽകുമെന്ന് സ്വപ്ന സുരേഷും മുമ്പ് പറഞ്ഞിട്ടുണ്ട്.
പിആർ പ്രതിനിധികളെ ഒപ്പമിരുത്തി മാത്രമല്ല, അതിന് ശേഷം അവർ എഴുതിനൽകിയത് കൂടി ചേർത്താണ് തങ്ങൾ പിണറായിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതെന്ന് ‘ദ ഹിന്ദു’ സാക്ഷ്യം പറഞ്ഞതോടെ ഇത്തരം ആക്ഷേപങ്ങളാകെ സാധൂകരിക്കപ്പെടും എന്നതും പിണറായിയുടെ വ്യക്തിപരമായ കാര്യശേഷി പോലും സംശയ നിഴലിലാവാൻ വിവാദം വഴിവെച്ചുവെന്നും സിപിഎം കേന്ദ്രങ്ങൾ ഭയക്കുന്നു. രണ്ടു ദിവസത്തികം നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ അപ്രതീക്ഷിതമായി തുടരെയുണ്ടാവുന്ന വിവാദങ്ങളിൽ ഇടതു മുന്നണിയിലും അസ്വസ്ഥത പടരുകയാണ്. പ്രതിപക്ഷം ഈ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ പതിവില്ലാത്ത വിധം രംഗത്തെത്തിയേക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here