ഡൽഹിയിൽ മത കാർഡുമായി കേജ്‌രിവാൾ; ഹിന്ദു പൂജാരിമാർക്ക് വമ്പൻ വാഗ്ദാനം

ഹിന്ദു- സിഖ് പുരോഹിതൻമാർക്ക് വമ്പൻ വാഗ്ദാനവുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ആം ആദ്മി പാർട്ടിക്ക് (എഎപി) വീണ്ടും തുടർ ഭരണം ലഭിച്ചാൽ ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും പൂജാരിമാർക്ക് പ്രതിമാസം 18000 രൂപ ശമ്പളമായി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. അതേസമയം നിർണായകമായ ഹിന്ദു, സിഖ് വോട്ടു ബാങ്കുകൾ കണ്ടാണ് എഎപി നീക്കമെന്നാണ് വിലയിരുത്തൽ.


പുരോഹിതൻമാർ മതപരമായ ആചാരങ്ങളുടെ സംരക്ഷകരാണ്. സമൂഹത്തെ നിസ്വാർത്ഥമായി സേവിക്കുന്നവരാണ്. അവരുടെ സാമ്പത്തിക നിലയെപ്പറ്റി ആരും ചിന്തിക്കാറില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. പദ്ധതിയുടെ റജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. റജിസ്ട്രേഷൻ നടപടിക്രമങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് ബിജെപിയോട് അഭ്യർത്ഥിക്കുന്നു. പദ്ധതി തടയുന്നത് പാപം ചെയ്യുന്നതിന് തുല്യമായിരിക്കും. പുരോഹിതൻമാർ ദൈവത്തിനും മനുഷ്യനും ഇടയിലുള്ള പാലമാണെന്നും എഎപി നേതാവ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ മുതിർന്ന പൗരന്മാർക്കുള്ള സഞ്ജീവനി പദ്ധതിയും വനിതകൾക്കുള്ള മഹിളാ സമ്മാൻ യോജനയും നേരത്തേ കേജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. സഞ്ജീവനി യോജനയ്ക്ക് കീഴിൽ 60 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്നാണ് അവകാശവാദം. മഹിളാ സമ്മാനൻ യോജന സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ സഹായം നൽകുമെന്നുമാണ് പ്രഖ്യാപനം.

അരവിന്ദ് കേജ്‌രിവാൾ നൽകുന്ന വാഗ്ദാനങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ഡൽഹിയിലെ പ്രതിപക്ഷ പാർട്ടികളായ ബിജെപിയും കോൺഗ്രസും രംഗത്ത് എത്തിയിരുന്നു. വ്യാജ വാഗ്ദാനങ്ങൾ നൽകി എഎപി ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് അവരുടെ ആരോപണം. എന്നാൽ പുരോഹിതൻമാരുടെ പേരിലുള്ള പുതിയ വാഗ്ദാനത്തിൽ ബിജെപിയും കോൺഗ്രസും ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top