‘ക്രൈസ്തവരെ ആക്രമിക്കണം സ്ത്രീകളെ ബലാത്സംഗം ചെയ്യണം’; ആഹ്വാനവുമായി ഹിന്ദുത്വ യൂട്യൂബര്‍; നടപടിക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ക്രിസ്ത്യാനികളെ ആക്രമിച്ച് കൊല്ലാനും സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ആഹ്വാനം ചെയ്ത് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ തീവ്രഹിന്ദുത്വവാദി ആദേശ് സോണി. മാര്‍ച്ച് ഒന്നിന് ക്രൈസ്തവരുടെ വീടുകളില്‍ കയറി സ്ത്രീകളേയും പെണ്‍കുട്ടികളേയും ബലാല്‍സംഗം ചെയ്യണമെന്നാണ് ഇയാളുടെ ആഹ്വാനം. ക്രിസ്ത്യാനികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ( National Commission for Minorities) ഛത്തീസ്ഗഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്‍വീനര്‍ എസി മൈക്കിളാണ് കമ്മീഷന് ക്രിസ്ത്യന്‍ വേട്ടക്കായുള്ള ആഹ്വാനം സംബന്ധിച്ച് പരാതി നല്‍കിയത്.

ആദേശ് സോണിയുടെ കലാപാഹ്വാനം വടക്കേ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കിടയില്‍ വലിയ ഭീതി ജനിപ്പിച്ചിട്ടുണ്ട്. കുട്ടികളെ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് വംശഹത്യ ആഹ്വാനം. ക്രിസ്ത്യന്‍ വീടുകളില്‍ ബലമായി കയറി ആക്രമിക്കണം. സ്ത്രീകളെ ബലാത്സംഗം ചെയ്യണം. നേതാക്കളെ കൊല്ലണം. മാര്‍ച്ച് ഒന്നിന് അക്രമത്തിനായി അമ്പതിനായിരം പേരെ അണിനിരത്താനും ഇയാള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ക്രിസ്ത്യന്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും ബലാല്‍സംഗം ചെയ്യണം എന്ന് ആഹ്വാനം ചെയ്യുന്ന വിഡിയോ വ്യാപകമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിക്കുന്നുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അപകടകരവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ആദേശ് സോണി. കവി, ട്രെയിനര്‍, എഴുത്തുകാരന്‍ എന്നീ നിലകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. വിവാദമായതോടെ ആദേശ് സോണി ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം നീക്കം ചെയ്തിട്ടുണ്ട്. ആരോ തന്റെ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നാണ് ഇയാളുടെ വിശദീകരണം.

പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കള്‍ക്ക് ഇയാളുടെ കലാപാഹ്വാനത്തിരെ പരാതി നല്‍കിയിട്ടും കാര്യമായ നടപടി ഒന്നും ഉണ്ടായിട്ടില്ല. ആദേശ് സോണിയുടെ വംശഹത്യ നടത്താനും സ്ത്രീകളെ ബലാല്‍സംഗം ചെയ്യാനുമുള്ള വീഡിയോ ആഹ്വാനം ഛത്തീസ്ഗഡിലാകെ വൈറലായിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെ എന്തെങ്കിലും അപകടരമായ സ്ഥിതി ഉണ്ടായാല്‍ യാദൃഛികമല്ലെന്ന് ഭരണകൂടം തിരിച്ചറിയണമെന്ന് റായ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഹെന്‍ട്രി താക്കൂര്‍ പറഞ്ഞു.

ഛത്തീസ്ഗഡിലെ മൂന്ന് ഗ്രാമങ്ങളിലായി താമസിക്കുന്ന 1100ലധികം വരുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളില്‍പ്പെട്ടവര്‍ പരമ്പരാഗതമായി മൃഗതോലും, കൊമ്പും വ്യാപാരം ചെയ്യുന്നവരാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഈ വ്യവസായ – വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടു. അതോടെ ഇവര്‍ തൊഴില്‍രഹിതരും പട്ടിണക്കാരുമായി മാറിയെന്ന് ക്രൈസ്തവ വേട്ടക്കെതിരായി പ്രവര്‍ത്തിക്കുന്ന പെര്‍ഴ്‌സിക്യൂഷന്‍ റിലിഫ് (Persecution Relief) എന്ന സംഘടനയുടെ സ്ഥാപകന്‍ ഷിബു തോമസ് പറഞ്ഞു. ക്രിസ്ത്യാനികളെ സാമ്പത്തികമായും ശാരീരികമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ 2014 മുതല്‍ നടന്നുവരികയാണെന്നും ഷിബി ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top