ചിത്തിര തിരുനാള്‍ രാജാവിന്റെ സ്ത്രീ സൗഹൃദം പറഞ്ഞ ചരിത്രകാരന്‍ ശശിഭൂഷണ് ഭീഷണി; കാട്ടാക്കട അമ്മച്ചിയുമായുള്ള ബന്ധം പറഞ്ഞത് പിന്‍വലിക്കണം

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രം അടിസ്ഥാനമാക്കി പ്രൊഫ എംജി ശശിഭൂഷണ്‍ എഴുതിയ പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണി. മാതൃഭുമി ബുക്ക്‌സ് പുറത്തിറക്കിയ ‘മാഞ്ഞു പോയ ശംഖുമുദ്ര’ എന്ന പുസ്തകവും അതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി രാഗം രാധാകൃഷ്ണനാണ് ഭീഷണിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പേരുര്‍ക്കട പോലിസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 329 (4) 351 (2) എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മക്ക് കാട്ടാക്കട സ്വദേശിയായ ഒരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന പുസ്തകത്തിലെ വെളിപ്പെടുത്തല്‍ കവടിയാര്‍ കൊട്ടാരത്തെ ചൊടിപ്പിച്ചിരുന്നു. പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രസാധകര്‍ക്കും എഴുത്തുകാരനും സമ്മര്‍ദമുണ്ടായിരുന്നു. അതിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഭീഷണി എത്തിയത്.

‘സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കാന്‍ കഴിയാഞ്ഞതില്‍ ചിത്തിര തിരുനാളിന് കടുത്ത മനോവ്യഥ ഉണ്ടായിരുന്നു. താന്‍ വിവാഹം കഴിക്കുന്ന സ്ത്രീയുമായി രാജമാതാവ് ഒത്തുപോകാന്‍ സാധ്യതയില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം വിവാഹം വേണ്ടെന്ന് വെച്ചത്. ഈ ഘട്ടത്തിലാണ് കാട്ടാക്കട അമ്മച്ചി എന്ന് തിരുവനന്തപുരത്തുകാര്‍ വിശേഷിപ്പിച്ചിരുന്ന കാട്ടാക്കട മൂന്നാം വീട്ടില്‍ ലക്ഷ്മിക്കുട്ടിയെന്ന സ്ത്രീയുമായി രാജാവ് ബന്ധം സ്ഥാപിച്ചത്. ചിത്തിര തിരുനാളും ഒരു പച്ച മനുഷ്യനായിരുന്നു’ എന്നാണ് ഡോ.ശശിഭൂഷണ്‍ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്. പുസ്തകത്തില്‍ വന്ന സംഭ്രമജനകമായ വെളിപ്പെടുത്തല്‍ പുറത്തു കൊണ്ടുവന്നത് മാധ്യമ സിന്‍ഡിക്കറ്റ് ആയിരുന്നു. ആരും അറിയാത്ത കൊട്ടാര രഹസ്യം പുറത്തു വന്നതില്‍ രാജകുടുംബം അസ്വസ്ഥരായിരുന്നു.

ALSO READ : ചിത്തിര തിരുനാളിൻ്റെ സ്ത്രീബന്ധം പരസ്യമാക്കി ചരിത്ര പുസ്തകം; നായിക ‘കാട്ടാക്കട അമ്മച്ചി’!! രാജാവിനെ മതം മാറ്റാൻ ശ്രമിച്ചുവെന്നും വെളിപ്പെടുത്തൽ

കഴിഞ്ഞ മാസം 24നാണ് രാഗം രാധാകൃഷ്ണന്‍ അഭിമുഖം തയ്യാറാക്കാനെന്ന വ്യാജേന കവടിയാറിലുള്ള ശശിഭൂഷന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.ഏത് വിധേനെയും പുസ്തകം പിന്‍വലിക്കണമെന്ന കൊട്ടാരത്തിന്റെ താല്‍പര്യമാണ് ഇത്തരം ഭീഷണികള്‍ക്ക് പിന്നിലെന്ന് ഡോ ശശിഭൂഷനെ ഉദ്ധരിച്ചു കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഭിമുഖം ചോദിച്ചു കൊണ്ട് ഇയാള്‍ രണ്ട് തവണ വീട്ടില്‍ വന്നിരുന്നു. രണ്ടാം തവണ വന്നപ്പോഴാണ് പുസ്തകം പിന്‍വലിക്കണമെന്നും ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന കുറിപ്പുകളും വീഡിയോകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡോ ശശിഭൂഷണ്‍ വിശ്രമത്തിലാണ്. ഭീഷണി ഉണ്ടായ സംഭവം അദ്ദേഹത്തിന്റെ ഭാര്യ സ്ഥിരികരിച്ചു.

രാജാവിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് ഇതാദ്യമായാണ് ഒരു ചരിത്രകാരന്‍ തുറന്നെഴുതുന്നത്. തിരുവനന്തപുരത്തുകാര്‍ ഇപ്പോഴും ആദരവോടെ കാണുന്ന രാജാവിന് ഇത്തരമൊരു ബന്ധം ഉണ്ടായിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതില്‍ രാജകുടുംബം അസ്വസ്ഥരാണ്. പുസ്തകം പിന്‍വലിപ്പിക്കാന്‍ പല വിധ സമ്മര്‍ദ്ദങ്ങള്‍ തനിക്ക് മേല്‍ ഉണ്ടായിരുന്നതായി നേരത്തെ ശശി ഭുഷണ്‍ വെളിപ്പെടുത്തിയിരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി നിലവറയുടെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോള്‍ ചിത്തിര തിരുനാളും പുനര്‍ നിര്‍ണ്ണയിക്കപ്പെടാം’ എന്ന അത്യന്തം ഗൗരവമായ വെളിപ്പെടുത്തലും പുസ്തകത്തില്‍ ഉണ്ട്. ‘അവസാനത്തെ മഹാരാജാവ്’ എന്ന അധ്യായത്തിലാണ് ഈ തുറന്നെഴുത്ത് ശശിഭൂഷണ്‍ നടത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top