മന്ത്രി കെ.രാധാകൃഷ്ണന്‍ രാജി വച്ചു; മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത് ക്ലിഫ് ഹൗസിലെത്തി; ‘കോളനി’ എന്ന പേരുവേണ്ട, ഉത്തരവിറക്കി പടിയിറക്കം
ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ.രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജി വച്ചു. ക്ലിഫ് ഹൗസിലെത്തിയാണ് രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചത്. ആലത്തൂരിൽ നിന്നാണ് രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്. ചരിത്രപരമായ ഉത്തരവാണ് അവസാനമിറക്കിയത്.
പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നതു മാറ്റാനുള്ള തീരുമാനത്തിലാണ് ഒപ്പ് വച്ചത്. ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ അവസാന പരിപാടി.
‘‘സാധാരണക്കാരനായ എന്നെപ്പോലെ ഒരാൾക്കു ചെന്നെത്താൻ കഴിയാത്തത്ര ഉയരത്തിലെത്താൻ സഹായിച്ച പാർട്ടിക്കു നന്ദി, നിയമസഭാംഗവും മന്ത്രിയുമായിരിക്കെ വഴികാട്ടിയ മഹാരഥൻമാർക്കും നന്ദി.’’ – ഈ പ്രതികരണം നടത്തിയാണ് മന്ത്രി കെ.രാധാകൃഷ്ണൻ പതിനഞ്ചാം കേരള നിയമസഭയോടു യാത്ര പറഞ്ഞത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്.
1996ൽ ചേലക്കരയിൽനിന്നാണ് നിയമസഭയിലേക്ക് രാധാകൃഷ്ണന്റെ ആദ്യ ജയം. ആ അവസരത്തിൽത്തന്നെ മന്ത്രി പദവി ലഭിച്ചു. ഇ.കെ.നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി – പട്ടിക വർഗ ക്ഷേമം, യുവജനകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2001ൽ സീറ്റു നിലനിർത്തി. പ്രതിപക്ഷ വിപ്പായി. 2006ൽ സ്പീക്കർ. 2011ലും ചേലക്കര നിന്നു വിജയിച്ചു. 2016ൽ മത്സരിച്ചില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here