യുഡിഎഫിന്റെ ചരിത്ര വിജയം; ഇടതു കോട്ടയിൽ പോലും സിപിമ്മിന് തിരിച്ചടിയെന്ന് കെ സുധാകരൻ

കോട്ടയം: ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്ന് പറഞ്ഞത് സത്യമായെന്ന് കെ സുധാകരൻ. ഇടതുപക്ഷത്തിന്റെ ഉറച്ച പാർട്ടി വോട്ടുകൾ പോലും യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായ മഹാഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളി നൽകിയത്. ജെയ്ക്ക്.സി.തോമസിന്റെ കുടുംബ വോട്ടുകൾ പോലും ഇടതിന് ലഭിച്ചില്ല. മന്ത്രി വി.എൻ. വാസവന്റെ ബൂത്തിൽ പോലും യുഡിഎഫിനാണ് ഭൂരിപക്ഷം ലഭിച്ചതെന്നും കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ വോട്ടും കോൺഗ്രസ് പിടിച്ചു വാങ്ങിയതാണ്. പിണറായി വിജയന്റെ ധിക്കാരത്തിനും, ധാർഷ്ട്യത്തിനും എതിരെയുള്ള വിധിയാണിത് . ഇടത് സർക്കാരിന്റ കൊള്ള രാഷ്ട്രീയത്തിനും, കുടുംബാധിപത്യത്തിനും എതിരെയുള്ള ജനവികാരമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്നും സുധാകരൻ പറഞ്ഞു.
സഹതാപ തരംഗം മാത്രമല്ല, ഉമ്മൻചാണ്ടിയുടെ സാന്നിധ്യം എപ്പോഴും കേരളത്തിലുണ്ടാകും. ഈ സർക്കാരിനെതിരെയുള്ള വികാരം, വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും ഉണ്ടാകും. തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നും അദ്ദേഹം മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു നടത്തിയ സംഘടനാ പ്രവർത്തനമാണ് മികച്ച വിജയം കാഴ്ചവെച്ചതെന്നും കെ സുധാകരൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here