യൂറോപ്യൻ രാജ്യങ്ങളെ ഫുട്ബോളിലൂടെ ഒന്നിപ്പിക്കാൻ തുടങ്ങിയ ചാപ്യൻഷിപ്പ്; ആദ്യം നേരിട്ടത് വലിയ എതിർപ്പുകൾ; ഇപ്പോൾ ലോകകപ്പിനോളം ആവേശം

യൂറോപ്യൻ രാജ്യങ്ങൾക്കായി ഒരു ഫുട്ബോൾ ടൂർണമെൻറ് എന്ന ആശയം 1927ലാണ് ഉയർന്നത്. അന്നത്തെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ് ഹെൻ്റി ഡിലോനയാണ് ഈ ആശയത്തിന് പിന്നിൽ. എന്നാൽ ഫിഫ ഇതിനെ മുളയിലേ നുള്ളി. 28 വർഷങ്ങൾക്ക് ശേഷം 1955ലാണ് ഈ ആശയത്തിന് വീണ്ടും ജീവൻ വച്ചത്. യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ്റെ (യുവേഫ) പ്രഥമ അസംബ്ലിയിൽ ആണ് ഇത്തരമൊരു ചാംപ്യൻഷിപ്പ് തുടങ്ങാൻ തീരുമാനമെടുത്തത്. എന്നാൽ ആദ്യ ടൂർണമെന്റിനോട് പല രാജ്യങ്ങളും അനുകൂല നിലപാട് അല്ല സ്വീകരിച്ചത്. ഇംഗ്ലണ്ടും ജർമ്മനിയും അടക്കമുള്ള പല രാജ്യങ്ങളും മാറിനിന്നു.

1958ൽ 17 ടീമുകളുമായി യോഗ്യതാ മത്സരം തുടങ്ങി. 60ലായിരുന്നു ഫൈനൽ റൗണ്ട് നടന്നത്. ആദ്യം യൂറോപ്യൻ നേഷൻസ് കപ്പ് എന്നായിരുന്നു നൽകിയ പേര്. പിന്നീട് അത് യൂറോപ്യൻ ചാംപ്യൻഷിപ്പ് എന്ന പേരിലേക്കും പിന്നീട് അത് യൂറോ കപ്പിലേക്കും എത്തി.

യൂറോപ്യൻ രാജ്യങ്ങളിലെ ശീതസമരം അടക്കം പല വെല്ലുവിളികളും ടൂർണമെന്റിനെ ബാധിച്ചിരുന്നു. എന്നാൽ നാലുവർഷം കൂടുമ്പോൾ മുടക്കമില്ലാതെ യൂറോ കപ്പ് നടന്നു. കോവിഡിനെ തുടർന്ന് മാത്രമാണ് ടൂർണ്ണമെൻറ് മുടങ്ങിയത്. ഹോം ആൻഡ് എവേ രീതിയിൽ യോഗ്യതാ റൗണ്ടുകളും, ഒരു രാജ്യത്ത് ഫൈനൽ റൗണ്ടും എന്നതാണ് ടൂർണമെന്റിന്റെ സംഘാടനരീതി. ചില വർഷങ്ങളിൽ രണ്ട് രാജ്യങ്ങൾ സംയുക്തമായും ആതിഥ്യം വഹിച്ചു.

1960ലെ ആദ്യ ടൂർണമെന്റിൽ 17 രാജ്യങ്ങളാണ് പങ്കെടുത്തത്. സെമിഫൈനലും ഫൈനലും ഫ്രാൻസിൽ ആയിരുന്നു. സോവിയറ്റ് യൂണിയൻ ആയിരുന്നു ആദ്യ ജേതാക്കൾ. 1964ൽ രണ്ടാം ചാംപ്യൻഷിപ്പിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം 29 ആയി വർദ്ധിച്ചു. ഈ ടൂർണമെന്റിൽ പങ്കെടുത്തപ്പോൾ ജർമ്മനി മാറി തന്നെ നിന്നു. സ്പെയിലായിരുന്നു ഫൈനൽ റൗണ്ട് മത്സരങ്ങൾ നടത്തിയത്. റഷ്യയെ തകർത്ത് സ്പെയിൻ തന്നെ കപ്പ് ഉയർത്തുകയും ചെയ്തു. 1968ലെ മൂന്നാം ചാംപ്യൻഷിപ്പിൽ ജർമ്മനി അരങ്ങേറ്റം കുറിച്ചു. ഇത്തവണ ഇറ്റലിക്കായിയിരുന്നു കിരീടം. 32 ടീമുകൾ ആയി പങ്കാളിത്തം വർദ്ധിച്ച 1972ൽ ജർമ്മനി കപ്പ് ഉയർത്തി.

1976ൽ ചെക്കോസ്ലൊവാക്യയും 1980ൽ ജർമ്മനിയും 1984ൽ ഫ്രാൻസും ചാംപ്യൻമാരായി. 1988ൽ ഹോളണ്ടിന് ആയിരുന്നു കപ്പ്. 1992ൽ ബെൽജിയം കറുത്ത കുതിരകളായി കപ്പ് ഉയർത്തി. ആ ടൂർണമെൻ്റിൽ ഇറ്റലിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. 1996ലാണ് ഇന്നത്തെ രീതിയിൽ ഗ്രൂപ്പുകളാക്കി ടൂർണമെന്റിന്റെ രീതി പരിഷ്കരിച്ചത്. ഒപ്പം ടൈബ്രേക്കറും ഗോൾഡൻഗോളും തുടങ്ങി നിരവധി പരിഷ്കാരങ്ങളും കൊണ്ടുവന്നു. ആ വർഷം ജർമ്മനി ആയിരുന്നു കപ്പ് എടുത്തത്. 2000ത്തിൽ സിദാൻ മാജിക്കിൽ കപ്പ് ഫ്രാൻസിലെത്തി. 2004ൽ ഗ്രീസും 2008ൽ സ്പെയിനും ചാംപ്യൻമാരായി. 2012ലും സ്പെയിൻ തന്നെയായിരുന്നു വിജയികൾ. 2016ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ കപ്പ് ഉയർത്തി.

കോവിഡ് മൂലം ഒരു വർഷം മാറ്റിവച്ച ശേഷം 2021ൽ നടന്ന അവസാന ടൂർണമെന്റിൽ ഇറ്റലിയായിരുന്നു ചാംപ്യൻമാർ. ഇത്തവണ മികച്ച ടീമുകളുമായി എല്ലാവരും ഒരുങ്ങിയിട്ടുണ്ട്. വിജയികൾക്ക് നൽകുന്ന ട്രോഫിയിൽ ഏത് രാജ്യത്തിൻ്റെ പേര് എഴുതിച്ചേർക്കും എന്നാണ് ഇനി അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top