ഓസിസ് പ്ലാനും മെൽബണിൻ്റെ ചരിത്രവും ഇങ്ങനെ… ഇന്ത്യ മറികടക്കേണ്ടത് 100 വർഷത്തോളം പഴക്കമുള്ള റെക്കോർഡ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിർത്തുമ്പോൾ 228 റൺസിന് ഒമ്പത് വിക്കറ്റ് എന്ന നിലയിലാണ് ഓസിസ്. രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് ശേഷിക്കേ 333 റൺസിൻ്റെ ലീഡാണ് ഓസിസിനുള്ളത്. നാളെ അതിവേഗം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യയെ ബാറ്റിംഗിന് അയക്കാനാണ് സാധ്യത.

മാര്‍നസ് ലബ്യുഷെയ്‌ന്റെ അർധ സെഞ്ച്വറിയും (70) നായകന്‍ പാറ്റ് കമ്മിന്‍സിന്റെയും (41) നഥാന്‍ ലിയോണിന്റെയും (പുറത്താകാതെ 41) ചെറുത്തുനില്‍പ്പുമാണ് ഓസിസിനെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. സ്കോട്ട് ബോളണ്ടാണ് (10) ലിയോണിനൊപ്പം ക്രീസിൽ. ജസ്പ്രിത് ബുംറ നാലും മുഹമ്മദ് സിറാജ് മൂന്നും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും ഇന്ത്യക്കായി വീഴ്ത്തി.

നാളെ ഓസിസ് ഉയർത്തുന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നാൽ അത് ചരിത്രമായി മാറും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എംസിജി) ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന റണ്‍ ചേസെന്ന ഓള്‍ടൈം റെക്കോര്‍ഡ് മറകടക്കുന്ന കാര്യം അത്ര എളുപ്പമല്ല. നിലവിൽ ബാറ്റർമാർ ഫോമിലെത്താത്ത സാഹചര്യത്തിൽ ഇന്ത്യക്ക് ഓസിസ് ഉയർത്തുന്ന വിജയലക്ഷ്യം മറികടക്കാനാവുമോതാണ് ഉയരുന്ന പ്രധാന ചോദ്യം.


ഇഗ്ലണ്ട് അല്ലാതെ മറ്റൊരു ടീമും മെൽബണിൽ 300 റൺസിന് മുകളിൽ ചേസ് ചെയ്ത് വിജയിച്ചിട്ടില്ല എന്നതാണ് ചരിത്രം.1928ലാണ് ഓസ്‌ട്രേലിയക്കെതിരേ 322 റണ്‍സ് വിജയകരമായി ചേസ് ചെയ്‌സ് ഇംഗ്ലണ്ട് ടീം വിജയം സ്വന്തമാക്കിയത്. മൂന്നു വിക്കറ്റിനായിരുന്നു വിജയം. ഈ റെക്കോര്‍ഡ് കൂടിയാണ് ഇന്ത്യക്കു മറികടക്കേണ്ടത്.
1895ല്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് ടീം നേടിയ 297 റണ്‍സാണ് രണ്ടാമതുള്ളത്.

മെല്‍ബണില്‍ അവസാനമായി ഒരു ടീം 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്തു ജയിച്ചത് 2013 ഡിസംബറിലായിരുന്നു. 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്ക് ഇംഗ്ലണ്ട് നല്‍കിയത്. രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഓസിസ് ലക്ഷ്യം മറികടക്കുകയായിരുന്നു.


മെല്‍ബണിലെ ഇന്ത്യയുടെ ടെസ്റ്റ് റെക്കോര്‍ഡിലേക്കു വന്നാല്‍ 14 മത്സരങ്ങളാണ് ഇവിടെ ആകെ കളിച്ചത്. ഇതില്‍ നാലെണ്ണത്തില്‍ വിജയിച്ചു. എട്ടെണ്ണത്തിൽ തോല്‍വി രുചിച്ചു. രണ്ടു മത്സരങ്ങള്‍ സമനിലയിലുമായി. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഒരു തവണ മാത്രമേ റൺസ് പിന്തുടർന്ന് വിജയിച്ചിട്ടുള്ളൂ. 2020-21ലെ ഓസീസ് പര്യടനത്തിൽ അജിങ്ക്യ രഹാനെയാണ് അന്ന് ഇന്ത്യയെ നയിച്ചത്. 70 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഓസീസ് ടീം ഇന്ത്യക്കു നല്‍കിയത്. രണ്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ ഇതു മറികടക്കുകയും ചെയ്തു.

2011ല്‍ 292 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ ഓസീസ് ടീം മെൽബണിൽ കുറിച്ചത്. കളിയില്‍ ഇന്ത്യ 122 റൺസിന് ഇന്ത്യ തോറ്റു. മെല്‍ബണില്‍ ഇതുവരെ ഏഴു ടെസ്റ്റുകളിലാണ് ഇന്ത്യന്‍ ടീം റണ്‍ ചേസ് നടത്തിയിട്ടുള്ളത്. ഇതില്‍ ഒന്നില്‍ മാത്രമേ വിജയിക്കാനായുള്ളു. നാല് ടെസ്റ്റുകളിൽ പരാജയപ്പെട്ടപ്പോൾ രണ്ടെണ്ണം സമനിലയിലുമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top