സ്വിഗ്ഗി, സൊമാറ്റോ വഴി മദ്യവിതരണം; കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ആലോചനയെന്ന് റിപ്പോര്‍ട്ട്

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓൺ ലൈൻ ഭക്ഷ്യവിതരണ ശൃംഖലകള്‍ വഴി മദ്യവിതരണത്തിന് ആലോചന. സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് എന്നീ കമ്പനികൾ വഴി വീര്യം കുറഞ്ഞ മദ്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകാനാണ് ആലോചന. ആദ്യഘട്ടത്തിൽ ബീയർ, വൈൻ, എന്നിവയാണ് ഓൺലൈൻ വിതരണ ഏജൻസികൾ വഴി വിടുകളിൽ എത്തിക്കാൻ ആലോചിക്കുന്നത്.

കേരളത്തിന് പുറമെ ഡൽഹി, പഞ്ചാബ്, കർണാടക, ഹരിയാന, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ഇത് സംബന്ധിച്ച പൈലറ്റ് പ്രോജക്റ്റുകൾ ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ മദ്യ ഉല്പാദകരും, ഓൺലൈൻ വിതരണ കമ്പനികളും സർക്കാരുകളും തമ്മിലുള്ള ചർച്ചകൾ നടക്കുകയാണ്. ഇത്തരമൊരു പദ്ധതി നടപ്പിലാക്കുമ്പോഴുള്ള വരുംവരായ്കകളെ കുറിച്ചാണ് സജീവമായ ചർച്ചകൾ നടക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലകൾ വഴി ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ വീടുകളിൽ മദ്യം എത്തിച്ചു നൽകുന്നുണ്ട്. കോവിഡ് കാലത്ത് ജാർഖണ്ഡ്, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, അസം, ഡൽഹി എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വീടുകളിൽ മദ്യമെത്തിക്കാൻ നിയന്ത്രണങ്ങളോടെ അനുവദിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഈ സംസ്ഥാനങ്ങളിലെ വാതിൽപ്പടി മദ്യവിതരണവും നിർത്തലാക്കി.

വീടുകളിൽ മദ്യമെത്തിക്കുന്നതിന് വിതരണ കമ്പനികളെ അനുവദിക്കുന്നതിനു മുമ്പ് നിയമപരമായ വശങ്ങളും മറ്റ് നിബന്ധനകളും നടപ്പിലാക്കേണ്ടി വരും. ഒപ്പം, എക്സൈസ് നിയമത്തിലും കാതലായ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

അനുദിനം വളരുന്ന നഗര കേന്ദ്രങ്ങളിൽ ഓൺലൈൻ വിതരണ കമ്പനികൾ വഴി ഒട്ടുമിക്ക ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യ സാധനങ്ങളും വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്. നിലവിൽ സർക്കാരിൻ്റേയോ സ്വകാര്യ വ്യക്തികളുടേയോ മദ്യവിതരണ കേന്ദ്രങ്ങളിൽ പോയി നേരിട്ട് വാങ്ങുന്ന സമ്പ്രദായമാണ് രാജ്യത്ത് നിലനിൽക്കുന്നത്. സ്ത്രീകൾക്കും പ്രായമായവർക്കും മറ്റും ഇത്തരം കേന്ദ്രങ്ങളിൽ ക്യൂ നിന്ന് വാങ്ങുന്നതിന് ഒരു പാട് അസൗകര്യങ്ങളുണ്ട്. ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ഓൺലൈൻ വിതരണത്തെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ സർക്കാരുകൾ നടത്തുന്നത്. പുതിയ വിതരണ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകാനിടയുള്ള എതിർപ്പുകളെക്കുറിച്ചും ഉദ്യോഗസ്ഥ – സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.

നികുതി വരുമാനത്തിൽ വൻ വർദ്ധനയും കൂടുതൽ തൊഴിൽ സാധ്യതകളും വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് ഒരു കാരണവശാലും വിതരണം നടത്താതിരിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്ന നിർബന്ധം സർക്കാരുകൾക്കുണ്ട്. ഓൺലൈൻ വഴി മദ്യം വാങ്ങുന്നതിന് കൃത്യമായ നിയന്ത്രണങ്ങളും നിബന്ധനകളും ഏർപ്പെടുത്തിയ ശേഷമാവും വാതിൽപ്പടി വിതരണം അനുവദിക്കുന്നത് എന്നാണ് അറിയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top