‘പിണറായി ഡമ്മി, ഭരണം ശശിയുടേത്’; മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും മുമ്പ് ചെക്ക് വച്ച് അൻവർ

ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നതിനുമുമ്പ് വാർത്താ സമ്മേളനം വിളിച്ചു പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയേയും എഡിജിപി എം.ആർ. അജിത് കുമാറിനേയും ഇന്നും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് പി ശശിയാണ്. അദ്ദേഹത്തിന് ചില പ്രത്യേക അജണ്ടകളുണ്ട്. അത് പരിശോധിക്കണം. ശശി പാർട്ടിയെയും മുന്നണിയേയും പ്രതിസന്ധിയിലാക്കി എന്നും നിലമ്പൂർ എംഎൽഎ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അടുത്തേക്ക് ശശി ആരെയും കടത്തി വിടാറില്ല. മുഖ്യമന്ത്രിക്കും പ്രവർത്തകർക്കും ഇടയിൽ പി ശശി ഒരു മറയായി നിൽക്കുകയാണെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ശശിയെ തള്ളി പറയില്ലന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പിണറായി മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുമ്പ് അൻവർ വാർത്താ സമ്മേളനം വിളിച്ചതെന്നാണ് അഭ്യൂഹങ്ങൾ.


എഡിജിപി എംആർ അജിത് കുമാറിനെതിരേ ഇന്നും ഇടത് എംഎൽഎ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. എഡിജിപി കള്ളപ്പണം വെളുപ്പിച്ചു. കൈക്കൂലി പണം ഉപയോഗിച്ച് കവടിയാറിൽ ഫ്ലാറ്റ് വാങ്ങി മറിച്ചുവിറ്റു. 33.8 ലക്ഷം രൂപക്ക് വാങ്ങിയത് 65 ലക്ഷം രൂപയ്ക്ക് വിറ്റു. ഇരട്ടിവിലയായി ലഭിച്ചത് സോളാർ കേസ് അട്ടിമറിച്ചതിനുള്ള കൈക്കൂലി പണമാണെന്നും അൻവർ ആരോപിച്ചു. ഫ്ലാറ്റ് റജിസ്ട്രേഷന്റെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രം 4.7 ലക്ഷം രൂപയുടെ അഴിമതി നടന്നു. ഇത് അധികാര ദുർവിനിയോഗത്തിൻ്റെ പരിധിയിൽ വരുന്നതാണ്. വിജിലൻസ് അന്വേഷണം വേണമെന്നും അൻവർ ആവശ്യപ്പെട്ടു.


അനുമതിയില്ലാതെ നിരവധി തവണ അജിത് കുമാർ വിദേശയാത്ര നടത്തി. ഷാജൻ സ്കറിയക്കെതിരായ നിയമപോരാട്ടത്തിന് തടയിട്ടത് പി.ശശിയും എഡിജിപിയും ചേർന്നാണ്. അതിന് ഷാജൻ്റെ കയ്യിൽ നിന്നും ശശിയും പണം വാങ്ങിയിട്ടുണ്ടാകാം. പിന്നീട് താൻ പി ശശിയുമായി ബന്ധപ്പെട്ടിട്ടില്ല. ഷാജനെ സഹായിക്കുന്ന നിലപാട് അജിത് കുമാറും പി ശശിയും സ്വീകരിച്ചിട്ടുണ്ടെകിൽ അവർ അതിലും വലിയ രാജ്യദ്രോഹികളാണ്. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസ് സത്യസന്ധമായി അന്വേഷിക്കണം. മാമിയുടെ പക്കൽ എംആർ അജിത് കുമാറിന്റെ പണം ഉണ്ടോയെന്നും അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top