സിദ്ധാർത്ഥൻ്റെ മരണത്തിലെ സിബിഐ അന്വേഷണ ഉത്തരവ് വൈകിപ്പിച്ചതിന് സസ്പെൻഷനിലായ മൂന്ന് ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് തിരിച്ചെടുത്തു; വിശദീകരണം തൃപ്തികരമെന്ന് സർക്കാർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണ ഉത്തരവ് വൈകിപ്പിച്ചതിന് സസ്പെൻഷനിലായിരുന്ന മൂന്ന് സെക്രട്ടറിയേറ്റ് ജീവനക്കാരെ തിരിച്ചെടുത്തു. കഴിഞ്ഞ മാർച്ച് 26നാണ് ആഭ്യന്തര വകുപ്പിലെ എം – സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ തിരിച്ചെടുത്തുവെന്നാണ് സർക്കാർ വിശദീകരണം.

സിദ്ധാർത്ഥൻ്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ശുപാർശ ചെയ്തു കൊണ്ടുള്ള രേഖകള്‍ കൈമാറാൻ വൈകിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവിട്ടത്. ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി.കെ, സെക്ഷൻ ഓഫീസര്‍ ബിന്ദു, ഓഫീസ് അസിസ്റ്റന്‍റ് അഞ്ജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം മാർച്ച് 9നാണ് സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍, പെർഫോമ റിപ്പോര്‍ട്ട് അഥവാ കേസിന്‍റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കിയിരുന്നില്ല. സിബിഐ അന്വേഷണ ഉത്തരവ് ഇറങ്ങാൻ വൈകുന്നതിനെതിരെ സിദ്ധാർത്ഥൻ്റെ പിതാവ് പരാതി ഉന്നയിച്ചപ്പോഴാണ് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം പുറത്തായത്.

പെർഫോമ റിപ്പോര്‍ട്ട് വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്. മാർച്ച് ഒമ്പതിന് കൈമാറേണ്ട രേഖകള്‍ 16നാണ് ആഭ്യന്തര വകുപ്പ് കൈമാറിയത്.
രേഖകൾ സിബിഐക്ക് കൈമാറുന്നതിന് കാലതാമസം നേരിട്ടത് വിവാദമായപ്പോൾ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ദൂതൻ വഴി രേഖകള്‍ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് മാർച്ച് 27ന് എത്തിച്ചു. സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തിയാണ് രേഖകള്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.

ഫെബ്രുവരി 18 നാണ് സർവകലാശാലയിലെ ശുചിമുറിയിൽ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരു സംഘം വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ തുടർച്ചയായി മൂന്ന് ദിവസം ക്രൂരമായി മർദിക്കുകയും വിവസ്ത്രനാക്കി പൊതുമധ്യത്തിൽ വിചാരണ ചെയ്യുകയും ചെയ്ത സംഭവം വലിയ വിവാദത്തിനിടയാക്കി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള സിദ്ധാർത്ഥൻ്റ അമ്മയുടെ പരാതിയിലാണ് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top