ഡിജിപിയുടെ റിപ്പോർട്ടിൽ ഗുണ്ടാബന്ധം കണ്ടെത്തിയ ഡിവൈഎസ്പിമാരെ തിരിച്ചെടുത്തു; വിചിത്ര നടപടിയുമായി ആഭ്യന്തര വകുപ്പ്

ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ആഭ്യന്തര വകുപ്പ്. തിരുവനന്തപുരം സിറ്റിയിലും റൂറലിലുമായി ഗുണ്ടാ – റിയൽ എസ്റ്റേറ്റ് മാഫിയയുമായി വഴിവിട്ട ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തവരെയാണ് തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പാറശാല ഷാരോണ്‍ വധക്കേസ് അടക്കം അന്വേഷിച്ച ക്രൈബ്രാഞ്ച് തിരുവനന്തപുരം ജില്ല റൂറല്‍ ഡിവൈഎസ്‌പി കെജെ ജോണ്‍സണ്‍, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്‌പി എം പ്രസാദ് എന്നിവര്‍ക്കെതിരെയുള്ള നടപടിയാണ് പിൻവലിച്ചിരിക്കുന്നത്. ഇവർക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കിയെന്നാണ് തിരിച്ചെടുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. പിആർ മിനിറ്റ്സ് തീർപ്പാക്കാൻ സർക്കാരിലേക്കു നൽകിയതിനാലാണ് സസ്‍പെൻഷൻ പിൻവലിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ് ബന്ധം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, സാമ്പത്തിക പരാതികള്‍ ഒതുക്കി തീര്‍ക്കാന്‍ മധ്യസ്ഥത വഹിക്കല്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളുടെ ലഹരി പാര്‍ട്ടികളിലടക്കം ഇരുവരുടേയും സാന്നിധ്യം നിരന്തരമുള്ളതായും ഇന്‍റലിജന്‍സ് കണ്ടെത്തിയിരുന്നു. ആരോപണങ്ങൾ ശരിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് 2023 ജനുവരിയിൽ രണ്ടു ഡിവൈഎസ്‌പിമാരേയും സസ്‌പെന്റ് ചെയ്യുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥരായ ജോൺസണിനും പ്രസാദിനും പ്രമുഖ ഗുണ്ടാ നേതാക്കളുമായുള്ള ബന്ധം സംബന്ധിച്ച് നിരവധി തെളിവുകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നതത്. 2023 ജനുവരി എട്ടാം തീയതി തിരുവനന്തപുരം പാറ്റൂരില്‍ കുപ്രസിദ്ധ ഗുണ്ടാതലവനായ ഓം പ്രകാശിന്‍റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ വരെ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് പരസ്‌പരം ഏറ്റുമുട്ടിയ ഓം പ്രകാശിന്‍റെയും നിഥിന്‍റെയും സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ മധ്യസ്ഥത ചര്‍ച്ചയടക്കം നടത്തിയെന്നും കണ്ടെത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here