ഹൈറിച്ചിനെതിരെ ഹണിട്രാപ്പ് പരാതിയുമായി സിനിമാതാരം ; കേസെടുക്കാതെ പോലീസ്, തട്ടിപ്പ് കമ്പനിക്ക് ലഭിക്കുന്നത് വമ്പന്‍ പരിരക്ഷ

തിരുവനന്തപുരം : ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഹണിട്രാപ്പ് പരാതിയും. ഹൈറിച്ചില്‍ നിക്ഷേപം നടത്തിയ സിനിമാ താരം കൂടിയായ സുധീഷ് കുമാറാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. കമ്പനിയില്‍ നിക്ഷേപം നടത്താന്‍ സമീപിച്ച ജീവനക്കാരിയോട് മോശമായി സംസാരിച്ചതിന്റെ ശബ്ദ രേഖയുണ്ടെന്നും ഇത് പുറത്തുവിട്ട് അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പാലക്കാട് ശ്രീകൃഷ്ണപുരം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് പോലുമെടുക്കാതെ ഹൈറിച്ച് കമ്പനിയെ സഹായിക്കുകയാണെന്ന് സുധീഷ് കുമാര്‍ ആരോപിക്കുന്നു.

ഹൈറിച്ച് കമ്പനിയില്‍ പതിനായിരം രൂപയാണ് സുധീഷ് കുമാര്‍ നിക്‌ഷേപിച്ചത്. ആഴ്ചയില്‍ 105 രൂപ വീതം മുപ്പതിനായിരം രൂപ വരെ തിരികെ കിട്ടുമെന്നായിരുന്നു ഹൈറിച്ച് ജീവനക്കാരനായ പ്രിന്‍സ് വാഗ്ദാനം ചെയ്തത്. ഇത്കൂടാതെ പുതിയ അംഗങ്ങളെ ചേര്‍ത്താല്‍ 1.25 കോടി രൂപ വരെ നേടാം എന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലെ 7ന് പ്രിന്‍സ് വീട്ടിലെത്തി പതിനായിരം രൂപ കൈപ്പറ്റി. കമ്പനിയിലെ മറ്റൊരു ജീവനക്കാരിയായ ഗൗരി ക്ഷണിച്ച പ്രകാരം പാലക്കാട് നടന്ന മീറ്റിംഗിലും സുധീഷ് പങ്കെടുത്തു. കമ്പനി ഉടമകളായ പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് ഈ മീറ്റിംഗില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. ഇത് വിശ്വസിച്ച് സുധീഷ് നാല് സുഹൃത്തുക്കളെ കൂടി പതിനായിരം രൂപ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ച് കമ്പനിയില്‍ ചേർത്തു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ലാഭ വിഹിതം ലഭിക്കാത്തതിനാല്‍ ബന്ധപ്പെട്ടപ്പോഴാണ് ഭീഷണി തുടങ്ങിയത്.

പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് ജീവനക്കാരിയായ ഗൗരിയോട് മോശമായി സംസാരിച്ചതിന്റെ ശബ്ദരേഖയുണ്ടെന്നും ഇത് പുറത്തുവിടുമെന്നും പ്രിന്‍സ് ഭീഷണിപ്പെടുത്തിയതെന്ന് സുധീഷ് കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കമ്പനിക്കാര്യമല്ലാതെ മറ്റൊന്നും ജീവനക്കാരിയോട് സംസാരിച്ചിട്ടില്ല. അതിനാല്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ശ്രീകൃഷ്ണപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ല. പരാതി കൈപ്പറ്റി രസീത് നല്‍കുകയാണ് ചെയ്തത്. പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞിട്ടും തന്റെ മൊഴി പോലും പോലീസ് രേഖപ്പെടുത്തിയില്ല. പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ എസ്പിക്ക് പരാതി നല്‍കുമെന്നും സുധീഷ് പറയുന്നു.

ഹൈറിച്ച് കമ്പനിക്ക് ഉന്നതതലത്തില്‍ തന്നെ ലഭിക്കുന്ന സംരക്ഷണമാണ് ഇത് വ്യക്തമാക്കുന്നത്. കമ്പനിയുടെ തട്ടിപ്പിനെതിരെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.എ. വത്സന്‍ നല്‍കിയ പരാതിയിലും ചേര്‍പ്പ് പോലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. പരാതിക്കാരന്റെ മൊഴി പോലും ഇതുവരെ രേഖപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല. പോലീസ് നടപടി സ്വീകരി്ക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചാണ് വത്സന്‍ കേസെടുപ്പിച്ചത്. റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരമില്ലാതെ ലാഭവിഹിതവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് കമ്പനിയുടെ തട്ടിപ്പ്. ഇത് പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സെര്‍ക്യൂലേഷന്‍ സ്‌കീംസ് ആക്ടിലെ 3,4,5,6 വകുപ്പനുസരിച്ച് കുറ്റകരമാണ്. ഇതേതുടര്‍ന്ന് ഹൈറിച്ച് കമ്പനി ഉടമകളായ പ്രതാന്‍ ഭാര്യ ശ്രീന പ്രതാപന്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണം, അക്കൗണ്ടുകള്‍ മരവിപ്പിക്കണം, വാഹനങ്ങള്‍ പിടിച്ചെടുക്കണം എന്ന ഹോം സെക്രട്ടറിയുടെ ഉത്തരവും നടപ്പാക്കാന്‍ പോലീസ് കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

ഹൈറിച്ച് കമ്പനി 25000 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക വിവരം. 750 രൂപ മുതല്‍ 10000 രൂപ വരെ നിക്ഷേപിച്ച് അംഗത്വം സ്വീകരിച്ചാണ് നിക്ഷേപ തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ വീണ് നിരവധി പേര്‍ തട്ടിപ്പിന് ഇരയായതായാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top