No1 കേരളത്തിലെ ‘ജാതിക്കൊല’കൾ ; വിശദാംശങ്ങൾ നൽകാൻ വിലക്കെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ തുടർക്കഥയാവുന്ന ദുരഭിമാനക്കൊലകൾ വീണ്ടും ചർച്ചയാകുന്നു. കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ സംസ്ഥാനത്ത് അരങ്ങേറിയത് അഞ്ച് ദുരഭിമാനക്കൊലകളാണ്. ഇക്കാലയളവിൽ സംസ്ഥാനത്ത് നടന്ന ‘ജാതിക്കൊല’കളിൽ ഏറ്റവും ഒടുവിലത്തേതാണ് ആലുവയിൽ അച്ഛൻ വിഷം കൊടുത്ത് കൊന്ന പത്താം ക്ലാസുകാരിയുടെ മരണം. ഇതര മതക്കാരനെ പ്രണയിച്ചതിൻ്റെ പേരിലാണ് ആലുവ കരുമാലൂർ മറിയപ്പടി ഐക്കരക്കുടി വീട്ടിൽ ഫാത്തിമയെ പിതാവ് അബീസ് ബലമായി വായിൽ കളനാശിനി ഒഴിച്ച് കൊലപ്പെടുത്തിയത്.
മുമ്പ് ജാതിയുടെയോ മതത്തിന്റെയോ പേരില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍ കേരളത്തിന് പുറത്ത് നടക്കുന്ന സംഭവങ്ങളായാണ് മലയാളികള്‍ കണ്ടിരുന്നത്. എന്നാല്‍ തുടര്‍ച്ചയാവുന്ന ‘ജാതിക്കൊല’കൾ അടയാളപ്പെടുത്തുന്നത്, കേരളത്തിലും ജാതീയതയും മതഭേദവും നിലനില്‍ക്കുനുണ്ടെന്ന് തിരുത്തി പറയേണ്ട അവസ്ഥയെയാണെന്ന് സാമൂഹ്യ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ജാതിയുടെ പേരിൽ നടന്ന ‘ദുരഭിമാനക്കൊല’ എന്ന് കോടതി വരെ വിലയിരുത്തിയ ആദ്യ സംഭവം കോട്ടയത്തെ കെവിൻ ജോസഫിൻ്റെ കൊലപാതകമായിരുന്നു. 2018 മെയ് 27നായിരുന്നു കേരളത്തെ ഞെട്ടിച്ച ഈ കൊലപാതകം അരങ്ങേറിയത്.
കൊല്ലം തെന്മല സ്വദേശിനിയായ നീനു ചാക്കോ എന്ന ‘മേൽജാതിക്കാരി’ യുവതിയെ വിവാഹം ചെയ്തതിന്റെ വിരോധം തീർക്കാൻ കോട്ടയം നട്ടാശേരി സ്വദേശിയായ നീനുവിന്റെ സഹോദരനായ ഷിനു ചാക്കോയും സംഘവും കെവിനെ കൊലപ്പെടുത്തിയ ശേഷം ജഡം പുഴയിലെറിയുകയായിരുന്നു. കെവിൻ ജോസഫ് ദളിത് വിഭാഗമായ ചേരമർ സമുദായത്തിൽ നിന്ന് മതം മാറിയ ക്രിസ്ത്യാനികളുടെ പിന്മുറക്കാരനും നീനു ചാക്കോ റോമൻ കത്തോലിക്കനായ അച്ഛന്റെയും മുസ്ലിമായ അമ്മയുടേയും മകളുമായിരുന്നു. 10 പ്രതികൾക്ക് കോടതി ഇരട്ട ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്.
കെവിൻ വധത്തിനും ആഴ്ചകൾ മുമ്പ് മലപ്പുറം ജില്ലയിലെ അരീക്കോടിൽ മറ്റൊരു ജാതിക്കൊലയും അരങ്ങേറിയുന്നു. 2018 മാർച്ച് 22നായിരുന്നു സംഭവം. ‘കീഴ്ജാതിക്കാരനായ’ ബ്രിജേഷ് എന്ന യുവാവിനെ പ്രേമിച്ചതിന്റെ പ്രതികാരമായി ആതിരയെന്ന പെൺകുട്ടിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹത്തലേന്നാണ് ആതിര അച്ഛനായ രാജൻ്റെ കൊലക്കത്തിക്ക് ഇരയായത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാന കൊല എന്നാണ് മാധ്യമങ്ങൾ അന്നാ സംഭവത്തെ വിശേഷിപ്പിച്ചത്. ബ്രിജേഷുമായുള്ള വിവാഹം നടന്നാൽ താനെങ്ങനെ സമൂഹത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമെന്നു ചോദിച്ചാണ് അച്ഛൻ മകളെ കൊലപ്പെടുത്തിയത്. ആതിര തിയ്യ സമുദായക്കാരിയും ബ്രിജേഷ് ദളിത് വിഭാഗത്തിൽ പെടുന്നയാളുമായിരുന്നു എന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോടതിയിൽ ആതിരയുടെ അമ്മയും സഹോദരനും കൂറുമാറിയതോടെ തെളിവുകളുടെ അഭാവത്തിൽ പ്രതി കുറ്റവിമുക്തനായി.
മൂന്നാമത്തെ സംഭവം അരങ്ങേറിയത് 2020 ക്രിസ്മസ് ദിനത്തിൽ പാലക്കാട് കുഴൽമന്ദം തേങ്കുറിശ്ശിയിലായിരുന്നു. ‘ഉയർന്ന ജാതി’യിൽ നിന്നുള്ള ഹരിത എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. അനീഷ് എന്ന യുവാവിനെ ഹരിതയുടെ അച്ഛനും പ്രഭുകുമാറും അമ്മാവൻ സുരേഷ് കുമാറും ചേർന്ന് വെട്ടി കൊലപ്പെടുത്തുകയാണുണ്ടായത്. അനീഷ് കൊല്ലൻ സമുദായക്കാരനും ഹരിത വെള്ളളാളർ സമുദായക്കാരിയുമാണ്. തേങ്കുറിശ്ശിയിലേത് ദുരഭിമാനക്കൊല തന്നെയാണെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. അനീഷിനെ കുത്തിയ കത്തി സുരേഷ്കുമാർ തണ്ണിമത്തൻ മുറിച്ചാണ് വൃത്തിയാക്കിയതെന്നും കുറ്റപത്രത്തിലുണ്ട്.
2022 മാർച്ച് 21 ന് കല്ലാർകുട്ടി ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാർവതി എന്ന പെൺകുട്ടിയുടെ മരണവും കേരളത്തിൽ അരങ്ങേറിയ ദുരഭിമാനക്കൊലയുടെ മറ്റൊരു ഉദാഹരണമാണ്. കോട്ടയം മീനടം സ്വദേശി വിനീഷിനെയും മകള്‍ പാര്‍വതിയേയുമാണ് ഡാമില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍വതിക്ക് ചുങ്കം സ്വദേശിയായ യുവാവുമായുള്ള സൗഹൃദത്തെ ചൊല്ലി വീട്ടില്‍ അസ്വാരസ്യമുണ്ടായിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ പെണ്‍കുട്ടി തയ്യാറാകാതെ വന്നതോടെ മകളെ കൂടെ കൂട്ടി പിതാവ് ആത്മഹത്യ ചെയ്തെന്നായിരുന്നു പുറത്ത് വന്ന വാർത്തകളും പോലീസ് ഭാഷ്യവും. “മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. നടന്നത് ദുരഭിമാന കൊലയാണ് . ‘കൂടെ കൂട്ടി ആത്മഹത്യ’ എന്ന പ്രയോഗം അംഗീകരിക്കാന്‍ കഴിയുന്നതല്ല” എന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്കും പോലീസിനുമെതിരെയും അന്ന് വ്യാപക വിമർശനമുയർന്നിരുന്നു.
പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളത്തിൽ ഇന്ന് പുതുമയല്ലാതെ മാറിയിരിക്കുന്ന ദുരഭിമാന കൊലപാതകങ്ങളുടെ വിശദാംശങ്ങൾ അറിയാൻ മാധ്യമ സിൻഡിക്കറ്റ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങൾ നൽകാൻ തയ്യാറായില്ല. ഇത്തരം വിവരങ്ങൾ നൽകുന്നതിന് സർക്കാർ വിലക്കുണ്ട്. രേഖാമൂലം ഡിജിപിക്കും എഡിജിപിക്കും അപേക്ഷ നൽകിയാൽ അവരുടെ നിർദേശപ്രകാരം മറുപടി നൽകാമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here