മഴയിൽ വീടിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു; ദുരന്തം അർധരാത്രി

രാത്രി പെയ്ത കനത്ത മഴയിൽ വീട് തകർന്ന് വീണ് പാലക്കാട് കോട്ടേക്കാട് അമ്മയും മകനും മരിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങിയ കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. പുലർച്ചെ വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി.
അർധരാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസിൽ കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു.
ഇവര്‍ കിടക്കുന്ന ഭാഗത്തേക്കാണ് ചുവരിടിഞ്ഞുവീണത്. എന്നാല്‍ അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിൻ്റെ ബലക്ഷയം കണക്കിലെടുത്ത് ഇവിടെ നിന്ന് മാറി താമസിക്കാൻ ഇവര്‍ തീരുമാനിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴാണ് ദുരന്തമെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here