ബലാത്സംഗപരാതിക്ക് പിന്നാലെ തടവിലിട്ടു, വീടിടിച്ചുനിരത്തി… നാലു വർഷത്തിനുശേഷം 60കാരനെ വെറുതെവിട്ട് കോടതി

അയൽവാസിയായ സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തെന്ന പരാതിയിൽ ഷഫീഖ് അന്‍സാരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത് 2021 മാർച്ച് നാലിന്. ഒരാഴ്ചക്ക് ശേഷം മാർച്ച് 13ന് രാവിലെ ഏഴിന് നഗരസഭയിൽ നിന്ന് ബുൾഡോസറുകളെത്തി അന്‍സാരിയുടെ വീട് ഇടിച്ചുനിരത്തുകയാണ്. നോട്ടീസില്ല, രേഖയൊന്നും ഹാജരാക്കാൻ സാവകാശമില്ല, എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് മുൻപെ വീടിരുന്ന സ്ഥലം കൽക്കൂമ്പാരമായി മാറി. തന്നെ ജയിലിടച്ച ശേഷമാണ് ഇതെല്ലാം ഉണ്ടായതെന്ന് പറയുന്നു ഇപ്പോൾ 60 വയസുള്ള അൻസാരി.

ഇതിന് ഏതാനും നാൾ മുമ്പാണ് പരാതിക്കാരിയുടെ വീട് നഗരസഭ ഇടിച്ചുനിരത്തിയത്. സർക്കാർ ഭൂമി കയ്യേറിയെന്നും വീട്ടിൽവച്ച് ലഹരികച്ചവടം ചെയ്യുന്നു എന്നെല്ലാമുള്ള പലവിധ പരാതികളെ തുടർന്നായിരുന്നു ഇത്. വാർഡ് കൌൺസിലർ എന്ന നിലയിൽ പരാതി കൊടുക്കാൻ നാട്ടുകാർക്കൊപ്പം അൻസാരിയും ഉണ്ടായിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് തനിക്കെതിരായ പരാതി ഉണ്ടായതെന്ന് പറയുന്നു അൻസാരി.

എന്നാൽ പരാതി കൊടുക്കാൻ വൈകിയത് എന്തുകൊണ്ടാണ് എന്ന കോടതിയുടെ ചോദ്യത്തിന് പരാതിക്കാരിക്ക് തൃപ്തികരമായ മറുപടി ഉണ്ടായിരുന്നില്ല. തൻ്റെ മകൻ്റെ വിവാഹം മുടങ്ങുമെന്ന ഭയത്തിലാണെന്ന് ആദ്യം പറഞ്ഞെങ്കിലും, മകൻ്റെ വിവാഹത്തിന് ശേഷം വീണ്ടും ഒരുമാസത്തിന് ശേഷമാണ് പരാതി ഉണ്ടായതെന്ന് കോടതി കണ്ടെത്തി. ഈ കാലളവിൽ സ്വന്തം ഭർത്താവിനോട് പോലും ഇക്കാര്യം പറഞ്ഞില്ല എന്നതും കോടതി നിരീക്ഷിച്ചു.

പരാതിക്കാരിയുടെ വീടും പ്രതിയുടെ സ്ഥലവും തമ്മിൽ 14 കിലോമീറ്റർ ദൂരമുണ്ട്. ആരോപിക്കപ്പെടുന്ന ദിവസം രാത്രി പരാതിക്കാരി അവിടെയെത്തിയത് എന്തിനാണെന്നോ എങ്ങനെയാണെന്നോ ഉള്ള കോടതിയുടെ ചോദ്യത്തിനും വ്യക്തമായ മറുപടി ഉണ്ടായില്ല. ഇങ്ങനെ പരാതിക്കാരിയുടെയും കുടുംബത്തിൻ്റെയും മൊഴികളിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കോടതി കണ്ടെത്തി. ഇതോടെയാണ് പ്രോസിക്യൂഷനെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല എന്ന നിലപാടിൽ കോടതിയെത്തിയതും അൻസാരിയെ വെറുതെ വിട്ടതും.

വീട് നശിപ്പിച്ചതിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് അൻസാരിയുടെ തീരുമാനം. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സഹോദരൻ്റെ വീട്ടിലായിരുന്നു താമസം. ഇപ്പോൾ കുടുംബവീട്ടിലേക്ക് മാറിയിട്ടുണ്ട്. സ്വന്തമായി ഇനിയൊരു വീടുണ്ടാക്കുക തന്നെക്കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. താൻ മാത്രമല്ല, തൻ്റെ കുടുംബവും കൂടിയാണ് ഈ കള്ളക്കേസിന് ഇരകളായതെന്ന് ഷഫീഖ് അൻസാരി പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top